Latest Videos

'കല്യാണം വൈകിപ്പിക്കുന്നത് അച്ഛൻ, ഭൂമി വിറ്റ് പണം നൽകിയില്ല'; ആൺ മക്കളുടെ കുത്തേറ്റ 50കാരൻ മരിച്ചു, അറസ്റ്റ്!

By Web TeamFirst Published May 25, 2024, 6:58 PM IST
Highlights

മൂർച്ചയേറിയ ഇരുമ്പ് കമ്പികൊണ്ട് ഇരുവരും ചേർന്ന് കുത്തി ക്രൂരമായി പരിക്കേൽപ്പിക്കുകയായിരുന്നു. സമ്പത്തിന് എട്ടോളം കുത്തേറ്റതായാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.  

മുംബൈ:  തങ്ങളുടെ കല്യാണം മനപ്പൂർവ്വം വൈകിപ്പിക്കുന്നതായി ആരോപിച്ച് മക്കൾ അതിക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച പിതാവ് മരിച്ചു. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോല്‍ഹാട്ടി സ്വദേശിയായ സമ്പത്ത് വാഹുല്‍ (50) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അച്ഛനെ ആക്രമിച്ച മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സമ്പത്തിന്റെ മക്കളായ പ്രകാശ് വാഹുല്‍(26) പോപാത് വാഹുല്‍(30) എന്നിവരാണ് പിടിയിലായത്.

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമ്പത്ത് വ്യാഴാഴ്ച  രാത്രിയോടെയാണ് മരണപ്പെട്ടത്.  ഇക്കഴിഞ്ഞ മെയ് എട്ടാം തീയതിയാണ് സമ്പത്തിനെ ഇയാളുടെ രണ്ട് ആൺമക്കൾ ആക്രമിച്ചത്. മൂർച്ചയേറിയ ഇരുമ്പ് കമ്പികൊണ്ട് ഇരുവരും ചേർന്ന് കുത്തി ക്രൂരമായി പരിക്കേൽപ്പിക്കുകയായിരുന്നു. സമ്പത്തിന് എട്ടോളം കുത്തേറ്റതായാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.  തങ്ങളുടെ വിവാഹം വൈകാന്‍ കാരണം  അച്ഛനാണെന്ന് ആരോപിച്ചായിരുന്നു ഇരുവരും സമ്പത്തിനെ ആക്രമിച്ചത്. പ്രകാശും പോപാതും ഏറെ നാളായി വിവാഹം കഴിക്കാൻ താൽപ്പ്യപ്പെട്ടിരുന്നു. എന്നാൽ തൊഴിൽ രഹിതരായ ഇവരുടെ വിവാഹകാര്യത്തിന് പിതാവ് വേണ്ടത്ര താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

വിവാഹകാര്യത്തിൽ പിതാവ് താൽപര്യം പ്രകടിപ്പിക്കാത്തതിനാൽ ആൺ മക്കൾ അസ്വസ്ഥരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പലി വിവാഹ ആലോചനകളും മുന്നോട്ടുവച്ചെങ്കിലും ഇതൊന്നും നടന്നില്ല. ഇതിന് കാരണം അച്ഛനാണെന്നായിരുന്നു മക്കളുടെ പരാതി. തൊഴിൽ രഹിതരായ ഇരുവരും കർഷകനായ പിതാവിനെ സഹായിച്ചിരുന്നു. പിതാവായിരുന്നു മക്കളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. അടുത്തിടെ സ്വത്തിനെ ചൊല്ലിയും വിവാഹത്തെ ചൊല്ലിയും അച്ഛനും മക്കളും വഴക്ക് പതിവായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
 
സമ്പത്തിന്റെ പേരിലുള്ള ഭൂമി വിറ്റ് ഇതിന്റെ വിഹിതം നല്‍കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. സമ്പത് ഇതിന് തയ്യാറാകാതിരുന്നതും ഇരുവരെയും അസ്വസ്ഥരാക്കി. നല്ല വിലകിട്ടുന്ന ഭൂമിയാണ് സമ്പത്തിന്റെ പേരിലുണ്ടായിരുന്നത്. ഇത് വില്‍പ്പന നടത്തി ഇതിന്റെ പണം തങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. മെയ് എട്ടിനും ഈ ആവശ്യങ്ങൾ ഉന്നയിച്ച് മക്കളെത്തി. തുടർന്ന് അച്ഛനും മക്കളും തമ്മിൽ വഴക്കിട്ടു. തർക്കം മൂച്ഛിച്ചതോടെ പ്രതികൾ കമ്പികൊണ്ട് പിതാവിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് കേസെടുത്ത് മക്കളെ കസ്റ്റഡിയിലെടുത്തു. സമ്പത്ത് കഴിഞ്ഞ ദിവസം മരിച്ചതോടെ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം കൂടി ചുമത്തുകയായിരുന്നു.

Read More : 'കേസ് നടത്താൻ പണത്തിന് കഞ്ചാവ് വിൽപ്പന'; തൃശൂരിൽ 100 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം 2 പേർ പിടിയിൽ
 

click me!