
കാസര്‍കോട്: എംസി കമറുദ്ദീൻ എംഎൽഎ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളിൽ തെളിവുകൾ ശേഖരിക്കുകയാണെന്നും അതിന് ശേഷം എംഎൽഎയെ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് എസ്പി കെകെ മൊയ്തീൻ കുട്ടി. കേസിൽ മറ്റ് സമ്മർദ്ദങ്ങളൊന്നുമില്ലെന്നും അറസ്റ്റ് വൈകുന്നത് കൊണ്ട് തെളിവുകൾ നശിപ്പിക്കപ്പെടുന്ന സാഹചര്യം നിലവിലില്ലെന്നും എസ്പി പറഞ്ഞു. അതേസമയം നിക്ഷേപകരുടെ പരാതിയിൽ എംസി കമറുദ്ദീനെതിരെ രണ്ട് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
അൻപതിലേറെ വഞ്ചന കേസുകളിൽ പ്രതിയായ എംസി കമറുദ്ദീൻ എംഎൽഎയെ അറസ്റ്റ് ചെയ്യാതെ പൊലീസും സർക്കാരും സ്വൈര്യവിഹാരം നടത്താൻ അനുവദിക്കുകയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ആരോപണത്തിന് പിന്നാലെയായിരുന്നു ക്രൈംബ്രാഞ്ച് എസ്പിയുടെ പ്രതികരണം.
13 കേസുകളാണ് ക്രൈംബ്രാഞ്ച് നിലവിൽ അന്വേഷിക്കുന്നത്. മറ്റ് കേസുകൾ കൂടി ലോക്കൽ പൊലീസ് കൈമാറുന്ന മുറക്ക് അന്വേഷണ സംഘം വിപുലീകരിക്കാനാണ് നീക്കം. കാസർകോട് ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണ സംഘം യോഗം ചേർന്ന് കേസുകളുടെ പുരോഗതി വിലിയിരുത്തി.
അതേസമയം നിക്ഷേപമായി നൽകിയ 20 ലക്ഷം തട്ടിയെന്ന ബദിയടുക്ക സ്വദേശിയുടെ പരാതിയിലും 44 ലക്ഷം തട്ടിയെന്ന ബോവിക്കാനം സ്വദേശിയുടെ പരാതിയിലും എംഎൽഎക്കെതിരെ കാസർകോട് പൊലീസ് രണ്ട് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ എംസി കമറുദ്ദീൻ പ്രതിയായ വഞ്ചന കേസുകളുടെ എണ്ണം 56 ആയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam