
ഫ്ലോറിഡ: വിവാഹ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകാനുള്ള ഉപദേശങ്ങളുടെ പേരിൽ പ്രശസ്തനായ പാസ്റ്റർ നിരവധി ഭാര്യമാരുണ്ടെന്ന ആരോപണത്തേ തുടർന്ന് അറസ്റ്റിലായി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ബുധനാഴ്ചയാണ് 62 കാരനായ പാസ്റ്റർ അറസ്റ്റിലായത്. ലെസ്ലിം വില്യംസ് എന്ന പാസ്റ്റർ വിവാഹ ബന്ധങ്ങളേക്കുറിച്ചുള്ള ഉപദേശങ്ങളുമായി പുസ്തകം അടക്കം രചിച്ചിരുന്നു. ബഹുഭാര്യാത്വം പിന്തുടരുന്ന സമൂഹങ്ങളുമായുള്ള ലെസ്ലി വില്യംസിന്റെ ബന്ധം വിശ്വാസികളേയും പാസ്റ്ററുടെ അനുയായികളേയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്. ദാമ്പത്യ വിജയത്തെക്കുറിച്ച് ക്ലാസുകൾ എടുത്തിരുന്ന പാസ്റ്ററുടെ ഇരട്ടമുഖം പുറത്തുവന്നത് വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെടുന്നത്.
വിവാഹജീവിതത്തിലെ ഐക്യത്തെക്കുറിച്ചും വിശ്വസ്തതയെക്കുറിച്ചും സംസാരിച്ചിരുന്ന പാസ്റ്റർ, രഹസ്യമായി അധാർമ്മികമായ ജീവിതരീതി പിന്തുടരുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സ്വിംഗേഴ്സ് കമ്മ്യൂണിറ്റി അഥവാ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘങ്ങളുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ നിയമവിരുദ്ധമായി ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിച്ചതായും അവരെ ഒരേസമയം ഭാര്യമാരായി കൂടെ താമസിപ്പിച്ചിരുന്നതായും വ്യക്തമായത്. 2017ൽ 'അവളെ ഇങ്ങനെ സ്നേഹിക്കുക: അവളെ സ്നേഹിക്കുന്നത് ഒരിക്കലും ഇത്ര ആഴമേറിയതായിരുന്നില്ല' എന്ന പേരിലാണ് ഇയാൾ പുസ്തകം പുറത്തിറക്കിയത്. ഒർലാൻഡോയ്ക്ക് പുറത്തായുള്ള ഏറ്റവും വലിയ റിട്ടയർമെന്റ് കമ്യൂണിറ്റിയായ ദി വില്ലേജിലും പാസ്റ്റർ നിരന്തരം ഉപദേശങ്ങളുമായി എത്തിയിരുന്നു. ഇവിടെ അടുത്തിടെയായി ലൈംഗിക രോഗങ്ങളിൽ വലിയ വർദ്ധനവുണ്ടായിരുന്നു. ഇതിന് പിന്നിൽ പാസ്റ്ററിന്റെ കുടുംബ ജീവിത നിർദ്ദേശങ്ങളാണെന്നും ആരോപണമുണ്ട്.
ഇദ്ദേഹത്തിന്റെ ഉപദേശങ്ങൾ കേട്ട് തങ്ങളുടെ തകർന്ന വിവാഹബന്ധങ്ങൾ ശരിയാക്കാൻ ശ്രമിച്ചിരുന്ന പല ദമ്പതികളും ഈ വാർത്ത പുറത്തുവന്നതോടെ കബളിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. ഇയാൾക്കെതിരെ ഗൗരവകരമായ ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബഹുഭാര്യത്വം നിരോധിച്ച രാജ്യത്തെ നിയമങ്ങൾ ലംഘിച്ചതിനൊപ്പം, വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തികമായോ മറ്റ് രീതിയിലോ ചൂഷണം ചെയ്തിട്ടുണ്ടോ എന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് വിവാഹിതനാണെന്ന് വ്യക്തമാക്കിയ പാസ്റ്റർ അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. രണ്ടാം വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെ അനുയായികൾ തന്നെ പാസ്റ്ററിനെതിരെ പ്രതികരിക്കാൻ തുടങ്ങിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും കുടുംബഭദ്രതയെക്കുറിച്ച് വാചാലനായിരുന്ന ഒരാളുടെ ഈ അധപതനം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. നിലവിൽ ഫ്ലോറിഡയിൽ പൊലീസ് കസ്റ്റഡിയിലുള്ള ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ ആരംഭിച്ചതോടെ പൊലീസും ജാഗ്രതയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam