സ്ഥാപനത്തിന് സമീപത്തെ കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളമാണ് യാതൊരു ശുദ്ധീകരണവുമില്ലാതെ വിവിധ പ്രമുഖ കമ്പനികളുടെ വ്യാജ ലേബലുകള്‍ ഒട്ടിച്ച് ഇവര്‍ വിപണിയിലെത്തിച്ചിരുന്നത്.

മലപ്പുറം: പ്രമുഖ ബ്രാന്‍ഡുകളുടെ പേരുകളില്‍ കുഴല്‍ക്കിണര്‍ വെള്ളം അനധികൃതമായി കുപ്പികളില്‍ നിറച്ച് വില്‍പ്പന നടത്തിവന്ന സ്ഥാപനം ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധനയിലൂടെ അടച്ചുപൂട്ടി. തിരൂര്‍ മാങ്ങാട്ടിരിയില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തിനെതിരെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നടപടിയെടുത്തത്. സ്വന്തം സ്ഥാപനത്തിന് സമീപത്തെ കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളമാണ് യാതൊരു ശുദ്ധീകരണവുമില്ലാതെ വിവിധ പ്രമുഖ കമ്പനികളുടെ വ്യാജ ലേബലുകള്‍ ഒട്ടിച്ച് ഇവര്‍ വിപണിയിലെത്തിച്ചിരുന്നത്. സ്ഥാപനത്തിന് നിലവില്‍ യാതൊരുവിധ പ്രവര്‍ത്തന ലൈസന്‍സും ഉണ്ടായിരുന്നില്ല. മുന്‍പുണ്ടായിരുന്ന ഡിസ്ട്രിബ്യൂഷന്‍ ലൈസന്‍സ് വിവിധ പരാതികളെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നേരത്തെ തന്നെ റദ്ദാക്കുകയും ക്ലോഷര്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നോട്ടീസ് അവഗണിച്ച് ഇവര്‍ തട്ടിപ്പ് തുടര്‍ന്നുപോരുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് വന്‍ വ്യാജ കുടിവെള്ള നിര്‍മ്മാണം പുറത്തുവന്നത്. വ്യാജ വെള്ളം നിരവധിയളുകളില്‍ വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടഞ്ഞ് ഉദ്യോഗസ്ഥര്‍ അടിയന്തരമായി അടച്ചുപൂട്ടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം