സ്വകാര്യ റോഡിലേക്ക് കാർ കയറ്റി, യാത്രക്കാർക്ക് നേരെ വെടിയുതിർത്ത് 66കാരൻ, 20കാരിക്ക് ദാരുണാന്ത്യം, 25വർഷം തടവ്

By Web TeamFirst Published Mar 3, 2024, 2:44 PM IST
Highlights

സ്വകാര്യ റോഡിലേക്ക് കയറിയെന്നും വഴി തെറ്റിയെന്നും മനസിലായതോടെ യുവതിയുടെ സുഹൃത്ത് കാർ തിരിച്ചു. ഇതിനിടയിലാണ് വീട്ടുടമ വെടിയുതിർത്തത്

അൽബേനി: പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ വഴി തെറ്റി സ്വകാര്യ റോഡിലേക്ക് വാഹനം തിരിച്ചു. 20കാരിയെ വെടിവച്ചുകൊന്ന 66കാരന് 25 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ അൽബേനിയിലാണ് സംഭവം. ഒരു പാർട്ടിയിൽ പങ്കെടുക്കാനെത്തിയ കാമുകനും കാമുകിയും സ്വകാര്യ റോഡിലേക്ക് വാഹനം കയറ്റിയതിന് പിന്നാലെ വീട്ടുടമ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. സെക്കൻഡ് ഡിഗ്രി കൊലപാതക കുറ്റമാണ് 66കാരനെതിരെ ചുമത്തിയിരിക്കുന്നത്. 

കെവിൻ മൊനാഹാൻ എന്ന 66കാരനെയാണ് 25 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. 20കാരിയായ കെയ്ലിൻ ഗില്ലിസിനെയാണ് ഇയാൾ ഒന്നിലധികം വെടിവച്ച് കൊന്നത്.  വെള്ളിയാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചത്. സ്വകാര്യ വഴിയിലേക്ക് കയറിയെന്ന കാരണം കൊണ്ട് ഒരാളെ വെടിവച്ച് വീഴ്ത്താമെന്ന് ആളുകൾ കരുതുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് കോടതി തീരുമാനം. അൽബേനിയിൽ നിന്ന് 88 കിലോമീറ്ററോളം അകലെയുള്ള ഹെബ്രോനിൽ വച്ചാണ് വെടിവയ്പുണ്ടായത്. മൊബൈൽ സിഗനലുകൾ മോശമായതാണ് കാർ യാത്രികരുടെ വഴി തെറ്റിച്ചത്. 

സ്വകാര്യ റോഡിലേക്ക് കയറിയെന്നും വഴി തെറ്റിയെന്നും മനസിലായതോടെ യുവതിയുടെ സുഹൃത്ത് കാർ തിരിച്ചു. ഇതിനിടയിലാണ് വീട്ടുടമ വെടിയുതിർത്തത്. എന്നാൽ അക്രമികളെന്ന് കരുതിയാണ് വെടി വച്ചതെന്നാണ് 66കാരൻ കോടതിയെ അറിയിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന കൊലപാതകത്തിൽ 66കാരൻ കുറ്റക്കാരനാണെന്ന് ജനുവരി മാസത്തിൽ കോടതി കണ്ടെത്തിയിരുന്നു. 

25വർഷത്തെ തടവ് നൽകണമെന്നായിരുന്നു വാദി ഭാഗം കോടതിയോട് ആവശ്യപ്പെട്ടത്. വിധി പ്രസ്താവിക്കുന്നതിനിടെ 66കാരന് സംസാരിക്കാൻ അവസരം നൽകിയിരുന്നെങ്കിലും ഇയാൾ പ്രതികരിച്ചിരുന്നില്ല. എന്നാൽ വിധി കേൾക്കാനായി കോടതിയിൽ തടിച്ച് കൂടിയ ആളുകൾ ഇയാൾക്കെതിരെ വലിയ ശബ്ദത്തിലാണ് ബഹളം വച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!