തിരുവന്തപുരത്ത് ഫോൺ ചോർത്തിയെന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊന്നത് എട്ട് പേർ ചേർന്ന്

By Web TeamFirst Published Mar 2, 2019, 11:30 PM IST
Highlights

മൊബൈൽ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം. അറസ്റ്റിലായ രാജ് സൂര്യൻ, രാജ് സംക്രാന്ത്,മുഹമ്മദ് ഹാഷിറിനെയും കൂടാതെ അഞ്ച് പേർകൂടെ മർദ്ദിക്കാനൊപ്പമുണ്ടായിരുന്നെന്നാണ് പ്രതികളുടെ മൊഴി. 

തിരുവനന്തപുരം: മൊബൈൽഫോൺ വിവരങ്ങൾ ചോർത്തിയെന്ന സംശയത്തിന്‍റെ പേരിൽ തിരുവനന്തപുരത്ത് യുവാവിനെ മർദ്ദിച്ച് കൊന്നത് മറ്റ് അഞ്ചുപേർ കൂടി ചേർന്നെന്ന് പിടിയിലായ പ്രതികളുടെ മൊഴി. പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ചിറയൻകീഴ് പെരുങ്ങുഴിയിൽ വച്ചാണ് കഴക്കൂട്ടം സ്വദേശി വിഷ്ണുവിനെ സുഹൃത്തുക്കൾ മർദ്ദിച്ച് കൊന്നത്. മൈസൂരിൽ ഒപ്പം ജോലി ചെയ്യുന്ന രാജ് സൂര്യന്‍റെ മൊബൈൽ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം. തർക്കങ്ങൾ പരിഹരിക്കാനായി നാട്ടിലെത്തിയ വിഷ്ണു കഴക്കൂട്ടത്തുള്ള വീട്ടിൽ പോവാതെ നേരെ പെരുങ്ങുഴി നാലുമുക്കിലുള്ള രാജ് സൂര്യന്‍റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഈ വീടിന് സമീപം വച്ചാണ് സംഘം ചേർന്ന് മർദ്ദിച്ച് കൊല്ലുന്നത്. അറസ്റ്റിലായ രാജ് സൂര്യൻ, രാജ് സംക്രാന്ത്, മുഹമ്മദ് ഹാഷിറിനെയും കൂടാതെ അഞ്ച് പേർകൂടെ മർദ്ദിക്കാനൊപ്പമുണ്ടായിരുന്നെന്നാണ് പ്രതികളുടെ മൊഴി. 

ഒളിവിലാണ് എന്നല്ലാതെ ഇവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഉച്ചയോടെയാണ് പെരുങ്ങുഴി കോളത്ത് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്. വർഷങ്ങൾക്ക് മുൻപ് പിതാവ് ബാബു മരിച്ചതോടെ നാലംഗ കുടുംബത്തിന്‍റെ പ്രതീക്ഷ വിഷ്ണുവിലായിരുന്നു. മൈസൂരുവിൽ നിന്നെത്തുന്ന വിഷ്ണുവിനായി കാത്തിരുന്ന അമ്മ ഓമനയ്ക്ക് മുന്നിൽ എത്തിയത് ചേതനയറ്റ ശരീരവമാണ്. അമ്മയും ഇളയ സഹോദരങ്ങളായ മണികണ്ഠനും കാർത്തികയുമാണ് കഴക്കൂട്ടത്തെ ഷീറ്റിട്ട അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസം. ജോലികിട്ടും വരെ വീടിനടുത്തെ പച്ചക്കറികടയിൽ പണിയെടുത്താണ് വിഷ്ണു വീട്ടുചെലവ് നടത്തിയിരുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

click me!