
മുംബൈ : കാമുകിക്കൊപ്പം കഴിയാൻ മുംബൈ സ്വദേശിയായ യുവാവ് രണ്ട് വയസുള്ള മകനെ കൊന്ന് പുഴയിൽ തള്ളി. പ്ലാസ്റ്റിക് കവറിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കാമുകിയുടെ നിർദ്ദേശ പ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
മുംബൈയിലെ മാഹിമിലാണ് ഇന്നലെ പ്ലാസ്റ്റിക് കവറിൽ കുഞ്ഞിന്‍റെ മൃതദേഹം നാട്ടുകാർ കാണുന്നത്. തുടർന്ന് ഷാഹു നഗർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷൗക്കത്ത് അലി അൻസാരി എന്ന ഇരുപത്തിരണ്ടുകാരന്‍റെ മകനാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. വീട്ടിലെത്തി അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. ഇയാൾ ഉത്തർപ്രദേശിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കാമുകിയെ വിവാഹം ചെയ്യാനാണ് താൻ മകനെ കൊന്നതെന്ന് ഇയാൾ പറഞ്ഞത്. ബന്ധുവായി 20കാരിയുമായി ഇയാൾക്ക് മൂന്ന് വർഷമായി പ്രണയമുണ്ട്. മറ്റൊരാളെ വിവാഹം കഴിച്ചിട്ടും ഇത് തുടർന്നു. ഭാര്യയെും മകനെയും ഒഴിവാക്കായാൽ തന്നെ വിവാഹം ചെയ്യാമെന്ന് യുവതി പറഞ്ഞിരുന്നുവെന്നും ഇതിന് വേണ്ടിയാണ് കൃത്യം നടത്തിയതെന്നുമാണ് പ്രതി നൽകിയ മൊഴി. ചൊവ്വാഴ്ച രാത്രി ഇയാളുടെ കടയിലെത്തിച്ചാണ് മകനെ കൊന്നത്. തുടർന്ന് കവറിലാക്കി പുഴയിലെറിയുകയായിരുന്നു.