മൂന്നംഗ കുടുംബം തൃശൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ, സമീപത്ത് ആത്മഹത്യാക്കുറിപ്പും

By Web TeamFirst Published Jun 8, 2023, 8:42 AM IST
Highlights

ഇന്നലെ രാത്രി 11.45 ന് ചെക്ക് ഔട്ട് ചെയ്യുമെന്നായിരുന്നു ജീവനക്കാരെ കുടുംബം അറിയിച്ചിരുന്നത്. റൂം തുറക്കാതായതോടെ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു....

തൃശൂർ : തൃശൂരിൽ മൂന്നംഗ കുടുംബം ഹോട്ടൽമുറിയിൽ ജീവനൊടുക്കി. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ എന്നിവരാണ് മരിച്ചത്. ദീർഘനാളായ ചെന്നൈയിലായിരുന്ന സന്തോഷ് പീറ്റരും കുടുംബവും ഇപ്പോൾ എറണാകുളത്താണ് താമസിക്കുന്നത്. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. 

മാവേലിക്കരയിൽ നാല് വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു, അമ്മയെയും വെട്ടി, അറസ്റ്റ്

കഴിഞ്ഞ നാലാം തിയ്യതിയാണ് മൂന്നംഗ കുടുംബം തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ രാത്രി 11.45 ന് ചെക്ക് ഔട്ട് ചെയ്യുമെന്നായിരുന്നു ജീവനക്കാരെ കുടുംബം അറിയിച്ചിരുന്നത്. റൂം തുറക്കാതായതോടെ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.  

അതിനിടെ, ചെന്ത്രാപ്പിന്നി ചാമക്കാലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോസ്ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടിൽ സജീവൻ (52), ഭാര്യ ദിവ്യ (42) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. പണമിടപാട് സ്ഥാപനത്തിൽ നിന്ന് ലോൺ ഗഡു പിരിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്. വീടിന്റെ ഹാളിനകത്ത് സജീവനും, കിടപ്പുമുറിയിൽ ദിവ്യയും മരിച്ചു കിടക്കുന്നതായാണ് കണ്ടത്. സമീപത്ത് നിന്ന് കയറും കണ്ടെത്തിയിട്ടുണ്ട്. സജീവൻ മത്സ്യതൊഴിലാളിയാണ്. ഇവർക്ക് സാമ്പത്തിക ബാധ്യതയുള്ളതായി പറയുന്നു. കയ്പമംഗലം പൊലീസും സയൻ്റിഫിക്ക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം 

 

 

click me!