
കോഴിക്കോട് വടകരയില്‍ ഓടുന്ന ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. ഇയാളെ തള്ളിയിട്ട ആസാം സ്വദേശി മുഫാദൂര്‍ ഇസ്ലാമിനെ യാത്രക്കാര്‍ പിടികൂടി ആര്‍ പി എഫിലേല്‍പ്പിച്ചു. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്നരയോടെ കണ്ണൂര്‍ എറണാകുളം ഇന്‍റര്‍ സിറ്റി എക്സപ്രസിലായിരുന്നു സംഭവം. കോഴിക്കോട് മാങ്കാവില്‍ നിര്‍മാണ തൊഴിലാളികളായിരുന്ന വിവേകും മുഫാദൂര്‍ ഇസ്ലാമും മാഹിയിലെത്തി മദ്യപിച്ച ശേഷം കോഴിക്കോട്ടേക്ക് തിരികെ വരികായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ട്രെയിനില്‍ കയറിയതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ട്രെയിന്‍ മുക്കാളിയെത്തിയപ്പോള്‍ വിവേകിനെ മുഫാദൂര്‍ ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു. യാത്രക്കാര്‍ മുഫാദൂറിനെ പിടികൂടി റയില്‍വേ പൊലീസില്‍ വിവരമറിയിച്ചു.
ട്രെയിന്‍ വടകരസ്റ്റേഷനിലെത്തിയതോടെ ആര്‍ പി എഫ് ഇയാളെ കസ്റ്റഡിയിലെടുത്തു. യാത്രക്കാര്‍ നല്‍കിയ വിവരമനുസരിച്ച് റെയില്‍വേ ട്രാക്കില്‍ ആര്‍പിഎഫും റയില്‍വേ പോലീസും നടത്തിയ തെരച്ചിലിലാണ് ഗുരുതര പരുക്കുകളോടെ വിവേകിനെ കണ്ടെത്തിയത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. മുഫാദൂറിനെ പിന്നീട് റയില്‍വേ പൊലീസിന് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam