
ദില്ലി: സൗത്ത് ദില്ലിയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട കേസില്‍ ദില്ലി ആം ആദ്മി പാര്‍ട്ടി എംഎല്‍എ പ്രകാശ് ജര്‍വാളിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ മകന്റെ പരാതിയിലാണ് അറസ്റ്റ്. എംഎല്‍എയുടെ സഹായി കപില്‍ നഗര്‍ പൊലീസ് കസ്റ്റിഡിയിലാണ്. ചോദ്യം ചെയ്യലിന് എത്തണമെന്ന് ആവശ്യപ്പെട്ട് ജര്‍വാളിന് രണ്ടുതവണ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇദ്ദേഹംഹാജരാകാന്‍ തയ്യാറായില്ല. അതെതുടര്‍ന്ന് അദ്ദേഹത്തിന്റെ പിതാവിനെയും സഹോദരനെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ജര്‍വാളിനും സഹായിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കുകയും ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഏപ്രില്‍ 18നാണ് രാജേന്ദ്ര സിങ് (52) എന്ന ഡോക്ടര്‍ സൗത്ത് ദില്ലിയിലെ ദുര്‍ഗാ വിഹാറിലുള്ള വസതിയില്‍ തൂങ്ങിമരിച്ചത്. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ ആംആദ്മി പാര്‍ട്ടി നേതാവിന്റെ പേര് പരാമര്‍ശിച്ചിരുന്നു. എംഎല്‍എ തന്നെ നിരന്തരം ദ്രോഹിച്ചിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു
ആത്മഹത്യാ പ്രേരണയും പണാപഹരണവും അടക്കമുള്ള കുറ്റങ്ങളാണ് എംഎല്‍എയ്ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സ്വന്തമായി ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടര്‍ക്ക് ടാങ്കറില്‍ ജലവിതരണം നടത്തുന്ന സ്ഥാപനവും ഉണ്ടായിരുന്നു. എന്നാല്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും പത്ത് മാസത്തോളമായി ഡോക്ടറുമായി സംസാരിച്ചിട്ടു പോലുമില്ലെന്നും എംഎല്‍എ അവകാശപ്പെട്ടു.
2017ല്‍ ടാങ്കര്‍ മാഫിയയുമായി ബന്ധപ്പെട്ട് ന്യൂസ് ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ ഡോക്ടറും ഉള്‍പ്പെട്ടിരുന്നുവെന്നും അതിനുശേഷം അദ്ദേഹത്തിന്റെ വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നുവെന്നും പ്രകാശ് ജര്‍വാള്‍ ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam