
തിരുവനന്തപുരം : രാജ്യാന്തര ലഹരിക്കടത്ത് കേസിൽ വിദേശത്തേക്ക് കടന്ന എട്ടാം പ്രതിയായ ഷോൺ സുനിൽ ബെർട്ടിനെ യു.എ.ഇയിൽനിന്ന് ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.എക്സൈസ് ഡിപ്പാർട്മെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് വിദേശത്തു നിന്ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്തുകൊണ്ടുവരുന്നത്. എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവു ഐഎഎസ് മുൻകൈ എടുത്താണ് നീക്കം. 2023 ജൂലൈ 9ന് രാത്രി ആറ്റിങ്ങലിലെ പുളിമാത്തിൽ നടത്തിയ പരിശോധനയിലാണ് 155.480 കിലോഗ്രാം കഞ്ചാവും 70.71 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തത്. കേസിലെ ആദ്യ നാല് പ്രതികളെ സംഭവസ്ഥലത്തുനിന്നും തുടർന്നുള്ള അന്വേഷണത്തിനിടെ അഞ്ചാം പ്രതിയായ ദീപക് ജോൺസണെ 2023 സെപ്റ്റംബർ 8നും ആറാം പ്രതിയായ ടിറ്റു ടി.എസിനേയും ഏഴാം പ്രതിയായ അജിൻ അച്ചൻകുഞ്ഞിനേയും 2023 നവംബർ 13നും അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ എട്ടാം പ്രതിയായ ഷോൺ സുനിൽ ബെർട്ട് വിദേശത്തേക്ക് കടന്നതിനെത്തുടർന്ന് കണ്ടെത്തുന്നതിനും നിയമനടപടികൾക്കായി ഇന്ത്യയിലെത്തിക്കുന്നതിനുമായി അന്വേഷണസംഘം രാജ്യാന്തര ഏജൻസികളുടെ സഹായം തേടുകയായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി ഇന്റർപോൾ മുഖേന ബ്ലൂ നോട്ടീസും റെഡ് നോട്ടീസും പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും 2024 ജൂൺ 21-ന് റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. തുടർന്ന് പ്രതിയെ ഇന്ത്യയിലേക്ക് കൈമാറുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, ഇന്റർപോൾ എന്നിവയുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam