
തൃശൂര്‍: എരുമപ്പെട്ടി പന്നിത്തടത്ത് മരത്തംകോട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി മണ്ണംപേട്ട പാലക്കുന്നില്‍ വീട്ടില്‍ സനോജിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പന്നിത്തടത്ത് കോഴിക്കട നടത്തിയിരുന്ന സജീറിനെയാണ് പ്രതിയും കൂട്ടുപ്രതികളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കോടതിയില്‍ കീഴടങ്ങി ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന സനോജിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിലെ മറ്റു പ്രതികളായ എയ്യാല്‍ സ്വദേശി രാഹുലിനേയും കൈപ്പറമ്പ് സ്വദേശി സയ്യിദ് അബ്ദുറഹ്മാനേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ വിയ്യൂര്‍ സബ് ജയിലില്‍ റിമാന്റിലാണ്. പന്നിത്തടത്ത് ചിക്കന്‍ സെന്റര്‍ നടത്തുന്ന സെജീറിനെ കഴിഞ്ഞ മാസം 15-ാം തീയതിയാണ് കടയ്ക്ക് മുന്നില്‍വച്ച് പ്രതികള്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വാളുകള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ സെജീറിന്റെ രണ്ട് കൈകള്‍ക്കും വെട്ടേറ്റ് ഗുരതര പരുക്ക് പറ്റിയിട്ടുണ്ട്.
സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്യുന്നത് സജീര്‍ ചോദ്യംചെയ്യുകയും ഇവര്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. സനോജാണ് സെജീറിനെ ക്രൂരമായി വെട്ടിയത്. ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സനോജിനെ സംഭവത്തിലെ സൂത്രധാരന്മാരായ രാഹുലും അബ്ദുറഹ്മാനും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കിയതാകാമെന്നാണ് നിഗമനം. എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ റിജില്‍ എം. തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കൊടുങ്ങല്ലൂരിലും പൊലീസ് പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ആക്രമണത്തിന് ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ അതിന് പിന്നിലുള്ളവരെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam