
അമ്പലപ്പുഴ : പോക്സോ കേസിൽ അറസ്റ്റു ചെയ്ത പ്രതി പൊലീസ് സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കരുമാടി തെക്കേ പുതുക്കേടം വേണുഗോപാലക്കൈമളാണ് (72) അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചത്.
വിമുക്ത ഭടനായ ഇദ്ദേഹം തനിച്ച് അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുകയാണ്. നിരവധി ആൺകുട്ടികളെ ഇവിടെയെത്തിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തുന്നതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം കരുമാടി സ്വദേശിയായ ആൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ കുളിമുറിയുടെ വാതിലിനോടു ചേർന്നുള്ള കോൺക്രീറ്റ് പാളി ഇളക്കിയെടുത്ത് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ, പോക്സോ കേസിലെ ഇരയുടെ മാനസിക സാമൂഹിക ആഘാതം ഒഴിവാക്കാൻ മാസം തികയും മുമ്പേ പ്രസവിപ്പിച്ച് ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കാൻ കേരള ഹൈക്കോടതിയുടെ ഉത്തരവ് വന്നു. 29 ആഴ്ച പ്രായം കഴിഞ്ഞ ഗർഭം അലസിപ്പിക്കാൻ സമീപിച്ച പോക്സോ കേസിലാണ് ഹൈക്കോടതി നടപടി. മലപ്പുറം സ്വദേശിനിയുടെ ഹർജിയിലാണ് കേരള ഹൈക്കോടതി ഉത്തരവ്. എന്നാൽ ജനിച്ച് 39 മണിക്കൂറിന് ശേഷം കുഞ്ഞ് മരിച്ചു. മാസം തികയും മുമ്പേ ജനിച്ച കുഞ്ഞിന്‍റെ ശ്വാസകോശം വികസിക്കാത്ത അവസ്ഥയിലാണ് മരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam