
കണ്ണൂർ: കണ്ണൂർ ജില്ലയിൽ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ അംഗൻവാടിയിൽ കയറി കഞ്ഞി വച്ചു കഴിക്കുകയും മോഷണം നടത്തുകയും ചെയ്ത പ്രതി പിടിയിൽ. മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷ് എന്നയാളാണ് പിടിയിലായത്. അംഗനവാടികളിൽ കയറി കഞ്ഞിവെച്ചു കുടിക്കുകയും രാത്രി മുഴുവൻ അവിടെ കിടന്നുറങ്ങുകയും പിറ്റേന്ന് രാവിലെ തിരിച്ചു പോകുകയും ചെയ്യുകയായിരുന്നു ഇയാളുടെ പതിവ്. കഴിഞ്ഞ ദിവസം സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അംഗനവാടിയിൽ കയറുകയും അവിടെ കഞ്ഞി വെച്ചു കുടിച്ചതിന് ശേഷം അവിടെ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. നാലിടങ്ങളിൽ കയറിയിട്ടും കള്ളനെ പിടി കൂടാൻ സാധിക്കാതിരുന്നത് പൊലീസിനെ സംബന്ധിച്ച് വലിയ തലവേദനയായിരുന്നു. മട്ടന്നൂരിൽ നിന്നാണ് മണ്ണൂർ വിജേഷ് പിടിയിലാകുന്നത്. ഇയാൾ കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ ഹോൾ സെയിൽ ഷോറൂമിൽ കയറി പണവും ഡ്രസ്സും കവർന്ന കേസിലും പ്രതിയാണ്. ടൗൺ പൊലീസാണ് വിജേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.