
തിരുവനന്തപുരം: മാറനല്ലൂരിൽ സിപിഐ നേതാവ് സുധീര്‍ ഖാൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതി ആത്മഹത്യ ചെയ്തു. മധുരയിലെ ലോഡ്ജിലാണ് പ്രതി സജി കുമാർ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമാണ് മരിച്ച സജി കുമാർ.
ഞായറാഴ്ചയാണ് മാറന്നല്ലൂരിലെ വീട്ടിനുള്ളിൽ കയറി ഉറങ്ങി കിടക്കുകയായിരുന്ന സുധീർഖാന്‍റെ മുഖത്തേക്ക് സജികുമാർ ആസിഡൊഴിച്ചത്. മാറനല്ലൂരിലെ സിപിഐ ലോക്കല് കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനമാണ് എ. ആർ. സുധീർഖാൻ. സാരമായി പൊള്ളലേറ്റ സുധീർ ഖാൻ അപകടനില തരണം ചെയ്തുവെങ്കിലും തീവ്ര പരിചരണ വിഭാഗത്തിലാണ്. സുധീർ ഖാന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം.
സംഭവം ഇങ്ങനെ...
കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. മാറനല്ലൂരിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു സുധീർഖാൻ. മുറിയിൽ നിന്ന് ശബ്ദം കേട്ട് ഭാര്യ എത്തുമ്പോൾ സുധീർഖാന്റെ ദേഹമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാൽ കാട്ടാക്കടയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പൊള്ളലേൽക്കാൻ കാരണം ആസിഡ് ആണെന്ന് കണ്ടെത്തിയത്.
തുടർന്ന് സുധീർ ഖാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആസിഡ് ആണെന്ന് തിരിച്ചറഞ്ഞതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാവിലെ ഇയാളുടെ സുഹൃത്ത് സജി വീട്ടിലെത്തിയ വിവരം ഭാര്യ പറഞ്ഞത്. സുധീർഖാന് നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടെന്നും ഭാര്യ മൊഴി നൽകി. സുധീർഖാന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയില്‍ ആസിഡ് കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിരുന്നു. ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. നേർപ്പിച്ച ആസിഡാണ് ഉപയോഗിച്ചതെന്നാണ് നിഗമനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam