ചോദ്യം ചെയ്യലില്‍ രക്ഷപ്പെടാന്‍ പ്രതിയുടെ ആത്മഹത്യാശ്രമം; ക്ലീനിംഗ് ലോഷന്‍ കുടിച്ചു

By Web TeamFirst Published Feb 3, 2021, 12:12 AM IST
Highlights

കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിന് സമീപമുള്ള ശുചിമുറിയിലെ ക്ലീനിംഗ് ലോഷന്‍ ഫാസില്‍ കുടിക്കുകയായിരുന്നു. ഇതോടെ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം മാത്രമായിരുന്നു കസ്റ്റഡി കാലാവധി. ഫാസില്‍ മൂന്ന് ദിവസം ആശുപത്രിയില്‍ കിടന്നു

കുന്ദമംഗലം: പൊലീസ് ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാന്‍ ആത്മഹത്യാശ്രമ തന്ത്രവുമായി ഗുണ്ടാ ആക്രമണ കേസിലെ പ്രതി. നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശി കെ സി ഫാസിലാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന ക്ലീനിംഗ് ലോഷന്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടാഴ്ച മുമ്പാണ് കോഴിക്കോട് കെട്ടാങ്ങല്‍ പാലക്കുറ്റിയില്‍ അന്‍വര്‍ സാദിഖിന്‍റെ വീട്ടില്‍ കയറി ഗുണ്ടകള്‍ ആക്രമണം നടത്തിയത്.

നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശി കെ സി ഫാസില്‍ അടക്കമുള്ള അഞ്ചംഗ സംഘമായിരുന്നു പിന്നില്‍. പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനിടെയാണ് ഫാസില്‍ ആത്മഹത്യാ ശ്രമം നടത്തിയത്. കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിന് സമീപമുള്ള ശുചിമുറിയിലെ ക്ലീനിംഗ് ലോഷന്‍ ഫാസില്‍ കുടിക്കുകയായിരുന്നു. ഇതോടെ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം മാത്രമായിരുന്നു കസ്റ്റഡി കാലാവധി.

ഫാസില്‍ മൂന്ന് ദിവസം ആശുപത്രിയില്‍ കിടന്നു. ഇതോടെ പൊലീസിന് ഇയാളെ ചോദ്യം ചെയ്യാനുമായില്ല. ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാനുള്ള ഇയാളുടെ തന്ത്രമായിരുന്നു ഇതെന്ന് പൊലീസ് പറയുന്നു. കോടതിയെ ഇത് ബോധ്യപ്പെടുത്തി വീണ്ടും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ് അന്വേഷണ സംഘം.

സുബൈര്‍ എന്ന വണ്ടൂര്‍ സ്വദേശിയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍, ഇങ്ങനെയൊരാള്‍ ഇല്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

കാനാംകുന്നത്ത് അന്‍വര്‍ സാദിഖ്, ഭാര്യ റുസ്ല, വൃദ്ധയായ മാതാവ് ആയിഷ, പന്ത്രണ്ടും ഒന്‍പതും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ എന്നിവരെയാണ് രണ്ടാഴ്ച മുമ്പ് ഗുണ്ടകള്‍ ആക്രമിച്ചത്. ആയിഷയേയും രണ്ട് പെണ്‍കുട്ടികളേയും വായില്‍ തുണി തിരുകി കൈയും കാലും കെട്ടിയിടുകയായിരുന്നു. അന്‍വറിനും ഭാര്യയ്ക്കും മുഖത്തും കൈകാലുകള്‍ക്കും മര്‍ദ്ദനവുമേറ്റു. യുഎഇയിലും ഇന്ത്യയിലും ബിസിനസ് ഉള്ള മലയമ്മ സ്വദേശി ഹാരിസിന്‍റെ മാനേജറായിരുന്നു അന്‍വര്‍.

കഴിഞ്ഞ മാര്‍ച്ചില്‍ ഹാരിസ് യുഎഇയില്‍ വച്ച് മരിച്ചു. യുഎഇയിലെ ഹോട്ടല്‍ ബിസിനസുമായി ബന്ധപ്പെട്ട രേഖകള്‍ക്കാണ് ആക്രമണം നടത്തിയതെന്നാണ് പിടിയിലായ ഫാസില്‍ നല്‍കിയിരിക്കുന്ന മൊഴി. ഗുണ്ടാ സംഘത്തില്‍ രണ്ട് പേര്‍ തമിഴ്നാട് സ്വദേശികളാണെന്നും ബാക്കിയുള്ളവരെ തനിക്കറിയില്ലെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അന്വേഷണ സംഘം ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

click me!