കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ, തുടകൾ എന്നിവിടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റു. ഗുരുതര പൊള്ളലേറ്റ് നവജാത ശിശുവിന്റെ ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു.

കാൺപൂർ: ജനിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വിശദമാക്കി ഇൻക്യുബേറ്ററിലാക്കിയ നവജാത ശിശു വെന്തുമരിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കാൺപൂരിലെ സ്വകാര്യ ആശുപത്രിയിൽ നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ സ്ഥാപിച്ചിരുന്ന വോർമർ മെഷീന് തീപിടിച്ചാണ് അപകടമുണ്ടായത്. ജനിച്ചു മണിക്കൂറുകൾക്കകം ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കാരണം കുഞ്ഞ് വെന്തുമരിക്കുകയായിരുന്നു. ബിത്തൂരിലെ ബ്രഹ്മനഗർ ഏരിയയിലുള്ള രാജാ നഴ്സിംഗ് ഹോമിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കുഞ്ഞിനെ ജനിച്ചയുടനെ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് എൻഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് തീപിടിത്തമുണ്ടായത്. 

കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ, തുടകൾ എന്നിവിടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റു. ഗുരുതര പൊള്ളലേറ്റ് നവജാത ശിശുവിന്റെ ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. കുഞ്ഞിന്റെ മരണത്തിൽ പ്രകോപിതരായ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. പിന്നാലെ കുഞ്ഞിന്റെ അമ്മായി ബിത്തൂർ പൊലീസ് സ്റ്റേഷനിൽ ആശുപത്രിക്ക് എതിരെ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഇൻക്യുബേറ്ററിൽ വച്ച വിവരം ജീവനക്കാർ മറന്ന് പോയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ എൻഐസിയും പൂട്ടി.

സംഭവം നടന്ന് അഞ്ച് മണിക്കൂറോളം കഴിഞ്ഞിട്ടും ആശുപത്രി അധികൃതർ ഈ വിവരം തങ്ങളെ അറിയിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ബക്കർഗഞ്ച് നിവാസിയായ അരുൺ നിഷാദിന്റെ കുഞ്ഞാണ് മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അരുൺ നിഷാദിന്റെ ഭാര്യ ബിട്ടുവിന് ഞായറാഴ്ച രാവിലെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് ഭാര്യയെ രാജാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സിസേറിയനിലൂടെ ബിട്ടു ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായിരുന്നു ഇത്.

പ്രസവശേഷം അമ്മയെ വാർഡിലേക്കും കുഞ്ഞിനെ എൻഐസിയുവിലേക്കും മാറ്റി. എന്നാൽ കുഞ്ഞിനെ കിടത്തിയിരുന്ന വോർമർ മെഷീന് തീപിടിച്ച് കുഞ്ഞ് മരിക്കുകയായിരുന്നു. നാലഞ്ച് മണിക്കൂറോളം ആശുപത്രി ജീവനക്കാർ ഈ വിവരം മാതാപിതാക്കളിൽ നിന്ന് മറച്ചുവെച്ചുവെന്നാണ് ഉയരുന്ന ആരോപണം. കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ, അഡ്മിറ്റ് ചെയ്യുന്നതിനെക്കുറിച്ചാണ് അവർ സംസാരിച്ചത്. രാത്രി വൈകിയും കുഞ്ഞിനെ കാണിക്കാതെ വന്നപ്പോൾ വീണ്ടും ചോദിച്ചപ്പോഴാണ് അവർ വിവരം പറയുന്നത്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് എന്റെ മകളുടെ മരണത്തിന് കാരണം. ഈ ആശുപത്രി പൂട്ടിക്കണം, എല്ലാ ജീവനക്കാർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ദാരുണമായി മരിച്ച നവജാത ശിശുവിന്റെ പിതാവ് അരുൺ നിഷാദ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.ഭൂമിയിലെ ദൈവങ്ങളെന്ന് പറയുന്ന ഡോക്ടർമാരും ജീവനക്കാരുമാണ് എന്റെ കുഞ്ഞിന്റെ ജീവനെടുത്തത്. മകൾ എങ്ങനെയാണ് വെന്തുമരിച്ചതെന്ന് ഭാര്യയോട് പറയാൻ പോലും എനിക്ക് ധൈര്യമില്ലന്നും അരുൺ നിഷാദ് കണ്ണീരോടെ പറയുന്നത്.

കുഞ്ഞിന്റെ മരണത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ ബഹളം വെച്ചപ്പോൾ, വിഷയം ഒതുക്കിത്തീർക്കാൻ ആശുപത്രി അധികൃതർ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ബന്ധുക്കൾ ആരോപിച്ചു. ഇതോടെയാണ് കുഞ്ഞിന്റെ ബന്ധുക്കൾ പ്രതിഷേധവുമായി എത്തിയത്. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.കുഞ്ഞിനെ ഒരു തവണ പോലും ജീവനോടെ കാണാൻ കഴിഞ്ഞില്ലെന്നാണ് നെഞ്ചുപൊട്ടി കുഞ്ഞിന്റെ അമ്മ ബിട്ടു പ്രതികരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് അഡീഷണൽ മെഡിക്കൽ ഓഫീസർ റമിത് റസ്തോഗി അറിയിച്ചു. 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം