ചായക്കടക്കാരനെ ആക്രമിച്ച് ഒളിവില്‍പ്പോയി; 17 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

By Web TeamFirst Published Aug 19, 2022, 12:13 AM IST
Highlights

കേസിലെ മറ്റൊരു പ്രതിയായ തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സക്കറിയ ഇപ്പോഴും ഒളിവിലാണ്. പൊലീസ് ഇയാള്‍ക്കായുള്ള അന്വേഷണം തുടരുന്നുണ്ട്.

കൊല്ലം: കൊല്ലത്ത് പിടികിട്ടാപ്പുള്ളിയെ 17 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കൊല്ലം അലയമണ്‍‍ സ്വദേശി സാജന്‍ ആന്റണിയാണ് അഞ്ചല്‍ പൊലീസിന്‍റെ പിടിയിലായത്. 2005 ൽ ചായക്കടക്കാരനെ ആക്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ കോട്ടയത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയായി കോടതി വാറണ്ട് പുറപ്പെടുവിച്ചയാളാണ് സാജന്‍ ആന്‍റണി.

2005 ലാണ് സാജനും രണ്ടു സുഹൃത്തുക്കളും ചേർന്ന് ഇടമുളയ്ക്കലിൽ ചായക്കട നടത്തിയിരുന്ന അനില്‍കുമാറിനെ കടയിൽ കയറി ആക്രമിച്ചത്. മേശയില്‍ ഉണ്ടായിരുന്ന പണവും പ്രതികൾ കവർന്നു. കൂട്ടുപ്രതികളിൽ ഒരാളായ ഇടമുളയ്ക്കൽ സ്വദേശിയായ സന്തോഷ് അന്വേഷണത്തിനിടെ പിടിയിലായിരുന്നു. മറ്റൊരു പ്രതിയായ തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സക്കറിയ ഇപ്പോഴും ഒളിവിലാണ്. പൊലീസ് ഇയാള്‍ക്കായുള്ള അന്വേഷണം തുടരുന്നുണ്ട്.

ബലാത്സംഗം, കൊലപാതക ശ്രമം, മോഷണമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ സാജനെന്ന് അഞ്ചല്‍ പൊലീസ് അറിയിച്ചു. പേരും വിലാസവും മാറ്റി ഒളിവിൽ കഴിയുന്നതാണ് പ്രതിയുടെ രീതി. കോട്ടയത്ത് ഒളിവിൽ താമസിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Read More :  മകനെ റാഗ് ചെയ്തു, അന്വേഷിക്കാനെത്തിയ കുടുംബത്തെ സ്കൂൾ ചെയർമാൻ അസഭ്യം പറഞ്ഞു; പരാതി

tags
click me!