റാഗിംഗ് വിവരമറിഞ്ഞിട്ടും സംഭവം ഒതുക്കുകയായിരുന്നു സ്കൂള്‍ അധികൃതരെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോള്‍ സ്കൂള്‍ ചെയര്‍മാന്‍ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് ആരോപണം.

തൃശ്ശൂര്‍: മകന് റാഗിംഗ് നേരിട്ടത് അന്വേഷിക്കാൻ സ്കൂളിൽ എത്തിയ കുടുംബത്തെ സ്കൂൾ ചെയർമാൻ അസഭ്യം പറഞ്ഞ് അപമാനിച്ചതായി പരാതി. തൃശ്ശൂര്‍ മാളയിലെ ഡോ.രാജു ഡേവീസ് ഇന്‍റർനാഷണൽ സ്കൂൾ ചെയർമാനെതിരെ ആണ് ആരോപണം. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ കുടുംബം ആണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ചെയർമാൻ രാജു ഡേവിസ് ആരോപണം നിഷേധിച്ചു.

സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഹോസ്റ്റലില്‍ വച്ച് തങ്ങളുടെ മകന് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ രക്ഷിതാക്കളോട് സ്കൂള്‍ ചെയര്‍മാന്‍ അപമര്യാദായി പെരുമാറിയതെന്ന് വിദ്യാർത്ഥിയുടെ ബന്ധു അമ്പിളി പറഞ്ഞു. ഈ മാസം പതിമൂന്നിനായിരുന്നു സംഭവം. മാള ഡോ. രാജു ഡേവിസ് ഇന്‍റര്‍നാഷ്ണല്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ ആണ് സീനിയര്‍ വിദ്യാര്‍ഥി ഹോസ്റ്റലില്‍വച്ച് റാഗ് ചെയ്തത്. രക്ഷിതാക്കളും ബന്ധുവും സ്കൂളിലെത്തിയപ്പോള്‍ ഇക്കാര്യം കുട്ടി പറഞ്ഞു. 

കുട്ടി വിവരം അധ്യാപകരെയും അറിയിച്ചിരുന്നു. എന്നാല്‍ റാഗിംഗ് വിവരമറിഞ്ഞിട്ടും സംഭവം ഒതുക്കുകയായിരുന്നു സ്കൂള്‍ അധികൃതരെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്നാണ് കുട്ടിയുടെ രക്ഷിതാക്കളെത്തി സ്കൂള്‍ അധികൃതരെ ബന്ധപ്പടുന്നത്. റാഗിംഗ് ഉണ്ടായിട്ടും നടപടിയെടുക്കാതിരുന്നത് ശരിയായില്ലെന്നും തങ്ങള്‍ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയാണെന്നും പറഞ്ഞപ്പോള്‍ സ്കൂള്‍ ചെയര്‍മാന്‍ മോശമായി പെരുമാറുകയായിരുന്നുവെന്ന് ബന്ധു അമ്പിളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കുട്ടികളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കാമോ എന്ന് ചോദിച്ചതാണ് ചെയര്‍മാനെ പ്രകോപിപ്പിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ മാള പൊലീസില്‍ രക്ഷിതാക്കള്‍ പരാതിയും നല്‍കി. അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നാണ് ഡോ.രാജു ഡേവീസ് ഇന്‍റർനാഷണൽ സ്കൂൾ ചെയർമാന്‍റെ വിശദീകരണം.

Read More : ലൈംഗികബന്ധം നിഷേധിച്ചു, യഥാര്‍ഥപ്രായം മറച്ചു; ഭാര്യയെ കൊന്ന് തള്ളി പൃഥ്വിരാജ്, ചുരുളഴിച്ച് പൊലീസ്