
തിരുവനന്തപുരം: അരുമാനൂരിൽ ക്ഷേത്രത്തിൽ നിന്ന് വാളും ശൂലവും മോഷ്ടിച്ച പ്രതി പിടിയില്‍. അരുമാനൂർ കൊല്ലപഴിഞ്ഞി ബൈജു ഭവനിൽ ജോതിഷ് എന്ന 34കാരനെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. അരുമാനൂരിലുള്ള പഞ്ചമി ക്ഷേത്രത്തിലാണ് ഇയാൾ കവർച്ച നടത്തിയത്. ഏപ്രിൽ 27 നാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന പ്രതി ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് വാളും ശൂലവും മോഷ്ടിച്ച് കടക്കുകയായിരുന്നു.
ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടന്ന് വരുന്നതിടെയാണ് പ്രതി പിടിയിലായത്. പൂവാർ എസ് എച്ച് ഒ എസ് ബി പ്രവീൺ, എസ് ഐ തിങ്കൾ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മെയ് ആദ്യവാരത്തില്‍ വെള്ളറട കാരക്കോണം മുര്യതോട്ടം ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മോഷണ ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. ക്ഷേത്രം കുത്തിത്തുറക്കുന്ന ശബ്ദം കേട്ട് നാട്ടുകാരെത്തിയതാണ് വന്‍ മോഷണം പൊളിയാന്‍ കാരണമായത്. കവര്‍ച്ചയ്ക്കെത്തിയ മൂന്ന് പേരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
പൂജാരി താക്കോല്‍ ക്ഷേത്രത്തില്‍ തന്നെ വച്ചു, കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വന്‍ കവർച്ച
ഏപ്രില്‍ അവസാന വാരത്തില്‍ പനവൂർ വെള്ളാഞ്ചിറ ആയിരവില്ലി ധർമശാസ്താ ക്ഷേത്രത്തിലെ രണ്ട് വാതിലുകള്‍ മോഷണ ശ്രമത്തിനിടെ തീയിട്ട് നശിപ്പിച്ചിരുന്നു. ക്ഷേത്രത്തിനു മുന്നിൽ സൂക്ഷിച്ചിരുന്ന നിലവിളക്കുകളും തട്ടങ്ങളും സമീപത്തെ ചിറയിലേക്ക് എറിഞ്ഞ നിലയിലാണുണ്ടായിരുന്നത്. ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാവ് വിറകുകൾ കൂട്ടിയിട്ട് ശാസ്താവിന്റെയും ഗണപതിയുടെയും ശ്രീകോവിലുകളുടെ വാതിലുകൾക്ക് തീയിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ക്ഷേത്രോത്സവം തുടങ്ങാനിരിക്കെയാണ് അക്രമം.