കൊച്ചി: ബ്ലാക്ക് മെയിലിംഗ് കേസിൽ കൂടുതൽ പരാതിക്കാരുടെ മൊഴി ഇന്ന് എടുക്കും. ഷംന കാസിമിനെ തട്ടികൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെടാൻ പദ്ധതി ഇട്ട സംഘം നേരെത്തെ 20ലേറെ യുവതികളെ പറ്റിച്ചു പണവും സ്വർണവും തട്ടിയെടുത്തിട്ടുണ്ട്.
സ്വര്‍ണ്ണാഭരണങ്ങളില്‍ ചിലത് പണയപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി. കളവ് സ്വർണം വാങ്ങിയ ഒരാൾ കേസിൽ പ്രതിയാകും. 9പവൻ സ്വർണം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഇനി 4പ്രതികളാണ് ഉള്ളത്. ഇവരിൽ ഒരാൾ കൊവിഡ് ബാധിച്ചു ചികിത്സയിൽ ആണ്. കസ്റ്റഡിയിൽ ഉള്ള പ്രതികളുടെ തെളിവെടുപ്പും ഇന്ന് നടക്കും.
അതേ സമയം ബ്ലാക്ക് മെയിൽ കേസിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ കേസിലെ പ്രതികൾ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. നടി പൊലീസിൽ പരാതി നൽകിയതോടെയാണ് ഈ നീക്കത്തിൽ നിന്നും പ്രതികൾ പിൻമാറിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഐജി വിജയ് സാക്കറെ പറഞ്ഞു.
ഷംനയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ആദ്യത്തെ ശ്രമം. ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ ആണ് തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടത്. കൂടുതല്‍ താരങ്ങളെ കെണിയില്‍പ്പെടുത്താനും പ്രതികൾ ശ്രമിച്ചിരുന്നതായും ഐജി വ്യക്തമാക്കി. അതേസമയം ബ്ലാക്ക് മെയിൽ കേസിൽ ഷംനയുടെ മൊഴിയെടുപ്പ് പൂർത്തിയായി. വീഡിയോ കോൺഫറൻസിലൂടെയാണ് പൊലീസ് ഹൈദാരാബാദിൽ നിന്നെത്തി ക്വാറൻ്റൈനിൽ കഴിയുന്ന ഷംനയുടെ മൊഴിയെടുത്തത്.
അതിനിടെ ഷംന കാസിം കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് നടൻ ടിനി ടോം പറഞ്ഞു. പ്രതികളുമായി ബന്ധമുണ്ടെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും കേസിൽ തന്നെ പൊലീസ് ചോദ്യം ചെയ്തുവെന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ വാർത്ത പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെയൊരു കേസിൽ താൻ ഉൾപ്പെട്ടു എന്ന തരത്തിൽ പുറത്തു വന്ന വാർത്തകൾ തന്നേയും കുടുംബത്തേയും വേദനിപ്പിച്ചെന്നും ഈയാഴ്ച നടക്കുന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം വ്യാജപ്രചാരണത്തിനെതിരെ പൊലീസിന് പരാതി നൽകുന്ന കാര്യം തീരുമാനിക്കുമെന്നും ടിനി ടോം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam