
പാലക്കാട്: പാലക്കാട് അട്ടപ്പാടി ഊരടം ഊരിലെ ആദിവാസി കുടുംബത്തെ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനും വനം വകുപ്പ് വാച്ചർമാരും മർദ്ദിച്ചതായി പരാതി. കുറുമ്പ വിഭാഗത്തിൽ പെട്ട രാമനും ഭാര്യ മലരും പരുക്കുകളോടെ ആശുത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കേസെടുക്കുമെന്ന് പുതൂർ പൊലീസ് അറിയിച്ചു.
തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് ഊരടം ആദിവാസി കോളനി. ഇവിടെ ഇന്നലെ വൈകീട്ടാണ് തമിഴ്നാടിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും വനം വകുപ്പ് വാച്ചരും എത്തിയത്. പരിസരത്ത് എവിടെയാണ് കഞ്ചാവ് തോട്ടം എന്ന് അന്വേഷിച്ചാണ് എത്തിയത്. അറിയില്ലെന്ന് രാമനും ഭാര്യ മലരും മറുപടി നൽകി. ഇതോടെ ഇവരെ പൊതിരെ തല്ലിയെന്നാണ് പരാതി. മുള്ള് കമ്പി കൊണ്ട് കൈകൾ കൂട്ടി കെട്ടിയതായും പരാതിയുണ്ട്. മർദ്ദിക്കുമ്പോൾ പ്രദേശത്ത് മറ്റാരും ഇല്ലായിരുന്നു.
ബഹളം കേട്ട് പ്രദേശവാസികൾ എത്തിയപ്പോൾ അക്രമികൾ സ്ഥലം വിട്ടു. രാമനും ഭാര്യയ്ക്കും ദേഹം മുഴുവൻ പരുക്കുണ്ട്. ഇവർ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ പുതൂർ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമിച്ചത് തമിഴ്‌നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥനും വനം വകുപ്പ് വാച്ചരും തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.