
ഗ്വാളിയോർ: പണം തട്ടിയെടുക്കാനായി അമ്മയെ കൊലപ്പെടുത്തിയ കേസിൽ ദത്തുപുത്രനെ മധ്യപ്രദേശിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്വാളിയോറിലെ ഷിയോപൂർ ടൗണിലെ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ഥിര നിക്ഷേപമായി ബാങ്കിലിട്ട പണം തട്ടിയെടുക്കാനായി വളർത്തുമകൻ മാതാവിനെ കൊലപ്പെടുത്തിയത്. 65 കാരിയായ ഉഷയെ ആണ് 24 കാരനായ ദത്തുപുത്രൻ ദീപക്ക് കൊലപ്പെടുത്തിയ ശേഷം വീട്ടിലെ കുളിമുറിയിൽ കുഴിച്ചിട്ടത്. മാതാവിന്‍റെ പേരിലുള്ള സ്ഥിരനിക്ഷേപമായ 30 ലക്ഷം രൂപ കൈക്കലാക്കാനായാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം അമ്മയെ കാണാതായെന്ന് കാണിച്ച് ദത്തുപുത്രനായ ദീപക് കഴിഞ്ഞ തിങ്കളാഴ്ച കോട്വാലി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീട്ടിലെ കുളിമുറിയിൽ നിന്നും വയോധികയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഷിയോപൂർ പൊലീസ് സൂപ്രണ്ട് അഭിഷേക് ആനന്ദ് വാർത്താ ഏജൻസികളോട് പ്രതികരിച്ചു. അന്വേഷണത്തിനിടെ പൊലീസ് ദീപക്കിനെയും ബന്ധുക്കളെയും അയൽക്കാരെയും ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതോടെയാണ് പൊലീസിന് യുവാവിന്‍റെ പരാതിയിൽ സംശയം തോന്നിയത്.
അന്വേഷണത്തിൽ ഷെയർ മാർക്കറ്റിൽ ദീപക്കിന് 15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. സംശയം തോന്നി വീട്ടിൽ പരിശോധന നടത്തിയപ്പോൾ ഒരു മുറിയിലെ കുളിമുറിയുടെ തറ പൊളിച്ച് പണിതതായി കണ്ടെത്തി. ഇവിടെ കുഴിച്ച് നോക്കയപ്പോഴാണ് ഉഷയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദത്തുപുത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ബാങ്കിലുണ്ടായിരുന്ന സ്ഥിരനിക്ഷേപമായ 30 ലക്ഷം രൂപ തട്ടിയെടുക്കാൻ വേണ്ടിയാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും, താനായിരുന്നു ബാങ്കിലെ നോമിനിയെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. 23 വർഷം മുമ്പാണ് ഉഷയും ഭർത്താവ് ഭുവേന്ദ്ര പച്ചൗരിയും ഒരു അനാഥാലയത്തിൽ നിന്ന് ദീപക്കിനെ ദത്തെടുത്തത്. 2021ൽ ഭുവേന്ദ്ര മരിച്ചു. പിന്നീട് ഉഷയായിരുന്നു മകനെ നോക്കിയിരുന്നത്.
Read More :
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam