
അഹമ്മദാബാദ്: മുപ്പത്തിയൊന്നുകാരനായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയ്ക്കെതിരെ പൊലീസ് എഫ്ഐആര്‍. ഭാര്യയുടെ മറ്റൊരാളുമായുള്ള ബന്ധമാണ് ഭര്‍ത്താവിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ഭര്‍ത്താവിന്‍റെ ബന്ധുക്കളുടെ പരാതിയിലാണ് എഫ്ഐആര്‍. അഹമ്മദാബാദിലാണ് സംഭവങ്ങള്‍ നടന്നത്.
അഹമ്മദാബാദ് സ്വദേശിയായ ഭരത് എന്ന 31 കാരന്‍റെ മരണത്തില്‍ മാതാവായ ഗൗരി മാരു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭരതിന്‍റെ ഭാര്യയായ ദക്ഷയ്ക്കെതിരെ കേസെടുത്തത്. മരുമകള്‍ക്ക് മറ്റൊരാളുമായുണ്ടായ അടുപ്പത്തില്‍ മനംനൊന്താണ് മകന്‍ ജീവനൊടുക്കിയതെന്നും ഇവര്‍ക്കും കാമുകനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.
ഗൗരി നല്‍കിയ പരാതി അനുസരിച്ച് ഇവരുടെ മരുമകള്‍ ദക്ഷ രണ്ടര മാസം മുന്‍പ് തന്നെ കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷം ഭരത് കടുത്ത വിഷാദത്തിലായിരുന്നു. വീട്ടുകാരോട് പോലും സംസാരിക്കുന്നത് കുറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് ഇയാളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണവിവരം അറിയിച്ചെങ്കിലും അന്ത്യകര്‍മ്മങ്ങളില്‍ പോലും പങ്കെടുക്കാന്‍ ഭാര്യ വിസമ്മതിച്ചു എന്നും ഇവര്‍ ആരോപിക്കുന്നു.
മരിക്കുന്നതിന് തലേദിവസം ഭരത് ഒരു പെന്‍ ഡ്രൈവും മൊബൈല്‍ ഫോണും അമ്മയെ ഏല്‍പ്പിച്ചിരുന്നു. ഇത് സഹോദരന് നല്‍കണമെന്ന് അറിയിച്ചു കൊണ്ടായിരുന്നു നല്‍കിയത്. ഇയാളുടെ മരണാനന്തര ചടങ്ങുകളൊക്കെ പൂര്‍ത്തിയായ ശേഷം അമ്മ ഇത് മൂത്ത മകനെ ഏല്‍പ്പിച്ചു. ഇയാള്‍ നടത്തിയ പരിശോധനയില്‍ ദക്ഷയും കാലു മഖ്വാന എന്ന യുവാവും തമ്മിലുള്ള സംഭാഷണങ്ങളായിരുന്നു പെന്‍ഡ്രൈവിലുണ്ടായിരുന്നത്.
ഭരതിന്‍റെ സുഹൃത്ത് കൂടിയായ ഈ യുവാവ് ഇവര്‍ താമസിച്ചിരുന്ന അതേ സൊസൈറ്റിയില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. പിന്നാലെ ദക്ഷയും കാലുവും തമ്മിലുള്ള ബന്ധമാണ് മകനെ മരണത്തിലേക്ക് നയിച്ചതെന്നും ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഭരതിന്‍റെ മാതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
സംഭാഷണങ്ങളില്‍ നിന്നും ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് വ്യക്തമായെന്നും പെന്‍ ഡ്രൈവും രണ്ട് മൊബൈല്‍ ഫോണുകളും തെളിവിനായി എടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കാലുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദക്ഷയെയും ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് പൊലീസ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam