കൈകൾകെട്ടി ഭർത്താവും സംഘവും ബാൽക്കണിയിൽ നിന്ന് താഴേക്കെറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

By Web TeamFirst Published Jun 25, 2022, 6:28 PM IST
Highlights

യുവതിയും സുഹൃത്ത് വിപുൽ അ​ഗർവാളും താമസിക്കുന്ന അപ്പാർട്ട്മെന്റിലേക്ക് ഭർത്താവ് ​ഗൗതം സിങ്ങും രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും എത്തുകയായിരുന്നുവെന്ന്  ആഗ്ര സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) സുധീർ കുമാർ സിംഗ് പറഞ്ഞു.

ആഗ്ര:  30 കാരിയായ യുവതിയെ ഭർത്താവും മറ്റ് നാല് പേരും ചേർന്ന് വീടിന്റെ നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. റിതിക സിംഗ് എന്ന ‌യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവുമായി വേർപിരിഞ്ഞ ശേഷം ഫേസ്ബുക്കിൽ പരിചയപ്പെട്ട സുഹൃത്തിനൊപ്പം താജ്ഗഞ്ചിലെ അപ്പാർട്ട്മെന്റിലാണ് യുവതി താമസിക്കുന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ആകാശ് ഗൗതം ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.

വെള്ളിയാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. യുവതിയും സുഹൃത്ത് വിപുൽ അ​ഗർവാളും താമസിക്കുന്ന അപ്പാർട്ട്മെന്റിലേക്ക് ഭർത്താവ് ​ഗൗതം സിങ്ങും രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും എത്തുകയായിരുന്നുവെന്ന്  ആഗ്ര സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) സുധീർ കുമാർ സിംഗ് പറഞ്ഞു. പിന്നീട് ഭർത്താവും സംഘവും റിതികയും വിപുലുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് ഇരുവരെയും ആക്രമിച്ചു. വിപുലിനെ കൈകൾ കെട്ടി കുളിമുറിയിൽ പൂട്ടിയിട്ടു. ശേഷം റിതികയെ കൈകൾ കൂട്ടിക്കെട്ടി ബാൽക്കണിയിൽ കൊണ്ടുപോയി തഴേക്കെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അപ്പാർട്ട്മെന്റിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയാണെന്നും എസ്എസ്പി പറഞ്ഞു. ഗാസിയാബാദ് സ്വദേശിയായ റിതിക 2014ൽ ഫിറോസാബാദ് സ്വദേശിയായ ആകാശ് ഗൗതമിനെ വിവാഹം കഴിച്ചുവെന്നും 2018ൽ ഇവർ വേർപിരിഞ്ഞതായും പൊലീസ് പറഞ്ഞു. പിന്നീട് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിപുൽ അ​ഗർവാളിനൊപ്പം താജ്ഗഞ്ചിലെ അപ്പാർട്ട്മെന്റിലാണ് യുവതി താമസിക്കുന്നത്.  കുളിമുറിയുടെ ജനാലയിൽ നിന്ന് വിപുലിന്റെ കരച്ചിൽ കേട്ട അയൽവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തിതെന്നും രണ്ട് പേർ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് സൂപ്രണ്ട് (എസ്പി സിറ്റി) വികാസ് കുമാർ പിടിഐയോട് പറഞ്ഞു.

click me!