
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 32 കാരൻ വിവാഹം കഴിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസും ചൈൽഡ് വെൽഫയർ കമ്മിറ്റിയും. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ സാമ്പത്തിക പരാധീനത മുതലെടുത്തായിരുന്നു 17 കാരിയുമായുള്ള 32 കാരന്‍റെ വിവാഹമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ബാല വിവാഹത്തിന് ചെർപ്പുളശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബാലവിവാഹ നിരോധന നിയമപ്രകാരംഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.
കഴിഞ്ഞ ജൂൺ 29നാണ് ചെർപ്പുളശേരി സ്വദേശിയായ 32 കാരൻ മണ്ണാർക്കാട് സ്വദേശിയായ 17 കാരിയെ വിവാഹം ചെയ്തത്. തൂത ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ ബന്ധുക്കൾ ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തിരുന്നു. ബാലവിവാഹം നടന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി മണ്ണാർക്കാട്, ചെർപ്പുളശേരി പൊലീസിനോട് റിപ്പോർട്ട് തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് പൊലീസ് പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലും പരിശോധന നടത്തി.
വീട്ടിൽ നിന്നും പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ കണ്ടെത്തി. വിവാഹം നടന്നത് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പിന്നീട് രേഖകൾ അങ്ങോട്ട് കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർക്കെതിരെ കേസെടുത്തത്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് ആണ് ചുമത്തിയിരിക്കുന്നത്. വിവാഹം നടന്ന ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
വധുവിന്‍റെ പ്രായത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ക്ഷേത്രം ഭാരവാഹികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ വധൂവരൻമാരും മാതാപിതാക്കളും ഒളിവിലാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് പെൺകുട്ടിയുടേത്. ഇത് മുതലെടുത്ത് വിവാഹം നടത്തിയെന്നാണ് പൊലീസിന്‍റെ നിഗമനം. തുടർ അന്വേഷണത്തിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്ന് പൊലീസ് പറയുന്നു.
Read More : പോക്സോ കേസ്, വിധിയുടെ തലേന്ന് പ്രതി മുങ്ങി, കാണാനില്ലെന്ന് പരാതിയും; 9 വർഷം ഒളിവിൽ, ഒടുവിൽ അറസ്റ്റ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam