Latest Videos

'കാപ്പ ഉത്തരവുകള്‍ ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചു, കറങ്ങി നടന്നു'; രണ്ടു പേരെയും പിടികൂടി പൊലീസ് 

By Web TeamFirst Published May 22, 2024, 8:56 PM IST
Highlights

ജില്ലയിലെ ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ്.

ചാരുംമൂട്: കാപ്പ ഉത്തരവുകള്‍ ലംഘിച്ച രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ്. നൂറനാട് ഉളവുക്കാട് കോടന്‍പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഹഫീസ് (കുഞ്ഞിക്കണ്ണന്‍-24), ഇയാളുടെ സുഹൃത്ത് ഉളവുകാട് വിഷ്ണു ഭവനം കണ്ണന്‍ സുഭാഷ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 

മുഹമ്മദ് ഹഫീസിന് കാപ്പാ നിയമപ്രകാരം ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 21 മുതല്‍ ഒന്‍പത് മാസക്കാലത്തേക്കാണ് ജില്ലയില്‍ ഇയാള്‍ പ്രവേശനം നിഷേധിച്ചു കൊണ്ട് എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുട്ട വിമലാദിത്യ ഉത്തരവ് പുറപ്പെടുവിച്ചത്. നൂറനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചിലധികം കേസുകളില്‍ മുഹമ്മദ് ഹഫീസ് പ്രതിയാണ്. കാപ്പ ഉത്തരവ് ലംഘിച്ച് ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ മുഹമ്മദ് ഹഫീസ്  നൂറനാട് കിടങ്ങയം ഭാഗത്ത് വന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് സിഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് ഇയാളെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. 

മുഹമ്മദ് ഹഫീസിന്റെ കൂട്ടാളിയായ കണ്ണന്‍ സുഭാഷ്, കാപ്പാ നിയമപ്രകാരം ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസില്‍ മാസത്തില്‍ രണ്ട് തവണ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഇയാള്‍ ഉത്തരവ് ലംഘിച്ചു മുങ്ങി നടക്കുകയായിരുന്നു. എന്നാല്‍ രഹസ്യവിവരം ലഭിച്ച പൊലീസ് സംഘം ഇയാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുഹമ്മദ് ഹഫീസിന്റെ സഹോദരന്‍ മുഹമ്മദ് റാഫിയെയും എട്ടു മാസം മുന്‍പ് ആലപ്പുഴ ജില്ലയില്‍ നിന്ന് പുറത്താക്കിയിരുന്നു. 

ജില്ലയിലെ ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

'ബംഗളൂരു, ചെന്നൈ, പൂനെ വേണ്ട, തിരുവനന്തപുരം മതിയെന്ന് ഡി-സ്‌പേസ്' 
 

tags
click me!