Latest Videos

ഭർത്താവുമായുള്ള തർക്കത്തിനിടയ്ക്ക് കരഞ്ഞ കുഞ്ഞിനെ കൊന്ന് മൃതദേഹവുമായി തെരുവിലൂടെ നടന്ന് യുവതി, അറസ്റ്റ്

By Web TeamFirst Published May 22, 2024, 2:40 PM IST
Highlights

നാല് കിലോമീറ്ററോളം മകളുടെ മൃതദേഹവുമായി തെരുവിലൂടെ നടന്ന യുവതി രാത്രി എട്ട് മണിയോടെ ഒരു പട്രോളിംഗ് വാഹനത്തിന് അരികിലെത്തി സംഭവത്തേക്കുറിച്ച് പൊലീസുകാരോട് പറയുകയായിരുന്നു

നാഗ്പൂർ: ഭർത്താവുമായുള്ള തർക്കത്തിന് പിന്നാലെ മൂന്ന് വയസുകാരിയായ മകളെ കൊലപ്പെടുത്തി മൃതദേഹവുമായി തെരുവുകളിലൂടെ അലഞ്ഞ് നടന്ന് യുവതി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നാല് കിലോമീറ്ററോളം തെരുവിലൂടെ മകളുടെ മൃതദേഹവുമായി നടന്ന ശേഷമാണ് യുവതി മകളെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ അറിയിക്കുന്നത്. തിങ്കളാഴ്ച വൈകുന്നരമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 

ട്വിങ്കിൾ റൌത്ത് എന്ന 23കാരിയെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി തേടിയാണ് ട്വിങ്കിളും ഭർത്താവ് രാമ ലക്ഷ്മൺ റൌത്തും നാല് വർഷം മുൻപ് നാഗ്പൂരിലെത്തിയത്. പേപ്പർ കൊണ്ട് പലവിധ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനത്തിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. കമ്പനി പരിസരത്ത് സ്വകാര്യ കമ്പനി നൽകിയിരുന്ന മുറിയിലായിരുന്നു ഇവരുടെ താമസവും. അടുത്തിടെയായി ഇവർ തമ്മിൽ തർക്കം പതിവായിരുന്നു. തിങ്കളാഴ്ച നാല് മണിയോടെ ദമ്പതികൾ തമ്മിൽ തർക്കവും കയ്യേറ്റവുമുണ്ടായി. ഇതിനിടയിൽ മൂന്ന് വയസുകാരിയായ മകൾ കരയാൻ ആരംഭിച്ചു. 

ഇതോടെ മകളെ വീടിന് പുറത്തേക്ക് കൊണ്ടുവന്ന യുവതി കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പിന്നാലെ നാല് കിലോമീറ്ററോളം മകളുടെ മൃതദേഹവുമായി ഇവർ തെരുവിലൂടെ നടന്നു. രാത്രി എട്ട് മണിയോടെ ഒരു പട്രോളിംഗ് വാഹനത്തിന് അരികിലെത്തിയ യുവതി സംഭവത്തേക്കുറിച്ച് പൊലീസുകാരോട് പറയുകയായിരുന്നു. പൊലീസ് കുഞ്ഞിനെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് വയസുകാരി അതിനോടകം മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് യുവതി കൊലപാതക്കേസിൽ അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വിശദമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!