Latest Videos

എഎസ്ഐയെ ചോദ്യംചെയ്തു, തട്ടിക്കൊണ്ടുപോകുന്നതിനിടെ ഗൂഗിൾ പേ വഴി പ്രതികളുടെ ഇടപാട്, ആലുവ കേസിൽ അടിമുടി ദുരൂഹത

By Web TeamFirst Published Mar 18, 2024, 3:52 PM IST
Highlights

പ്രതികള്‍ തിരുവനന്തപുരത്ത് ഉപേക്ഷിച്ച ഇന്നോവ കാര്‍ ആലുവ പൊലീസ് സ്റ്റേഷനിലെത്തിച്ചു

ആലുവ: ആലുവയിൽ മൂന്ന് പേരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക സൂചനകള്‍ പൊലീസിന് ലഭിച്ചു. നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. തട്ടികൊണ്ടുപോകുന്നതിനിടെ പ്രതികള്‍ ഗൂഗിള്‍ പേ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതും മൊബൈല്‍ ഫോണുകളും സിസിടിവികളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

ഇന്നലെ രാവിലെ ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ചാണ് മൂന്നു  പേരെ തട്ടിക്കൊണ്ടുപോയത്. ദൃക്സാക്ഷി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരാളെ തട്ടികൊണ്ടുപോയതില്‍ ആണ് പൊലീസ് എഫ് ഐ ആര്‍ ഇട്ട് കേസെടുത്തിരുന്നത്. അന്വേഷണത്തില്‍ മൂന്നു പേരെ ഒന്നിച്ചാണ് കാറില്‍ കയറ്റിക്കൊണ്ട് പോയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതികളെക്കുറിച്ചും തട്ടിക്കൊണ്ട് പോയ മൂന്ന് പേരെക്കുറിച്ചും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. 

പ്രതികള്‍ തിരുവനന്തപുരത്ത് ഉപേക്ഷിച്ച ഇന്നോവ കാര്‍ ആലുവ പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഈ വാഹനം വാടകക്ക് എടുത്ത പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്ഐ സുരേഷ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു. വിദേശത്ത് നിന്നും വന്ന സുഹൃത്തിന് ഉപയോഗിക്കാനാണ് കാര്‍ വാടകക്കെടുത്ത് നല്‍കിയതെന്നാണ് ഇയാള്‍ നല്‍കിയിട്ടുള്ള മൊഴി. ഈ കാര്‍ എങ്ങനെ പ്രതികള്‍ക്ക് കിട്ടിയെന്നറിയില്ലെന്നുമാണ് എഎസ്ഐയുടെ വിശദീകരണം.

click me!