
ആലുവ: ആലുവയിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി പൊലീസ്. ഇതിനായി അടുത്ത ദിവസം കോടതിയെ സമീപിക്കും. പ്രതി ക്രിസ്റ്റൽ രാജ് കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി വിവരമുണ്ടെന്നും അക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്. തിരുവനന്തപുരം സ്വദേശിയായ ഇയാൾ സതീഷ് എന്ന കളളപ്പേരിൽ പൊലീസിനെ കബളിപ്പിച്ചതും പരിശോധിക്കുന്നുണ്ട്.
ആലുവയിൽ എട്ട് വയസുകാരിക്ക് നേരെ നടന്ന കൊടുംക്രൂരത ആസൂത്രിതമെന്ന നിഗമനത്തിലാണ് പൊലീസ് വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസമാണ് ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. നേരത്തെ തന്നെ കുട്ടിയെ കണ്ടിട്ടുള്ള പ്രതി ക്രിസ്റ്റൽ രാജ് മുമ്പും ബലാൽസംഗം ചെയ്യുകയെന്ന ഉദ്ദേശത്തോടെ വീട്ടിൽ എത്തിയിരുന്നെന്നും പൊലീസ് കോടതിയെ അറിയിച്ചു.
കുട്ടികളോട് ലൈംഗികാതിക്രമം നടത്തുന്ന വൈകൃതമുള്ളയാളാണ് പ്രതിയെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. ഇതിനിടെ ഇയാൾക്കെതിരെ പെരുമ്പാവൂരിൽ മറ്റൊരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്. പ്രതി ക്രിസ്റ്റൽ രാജിന്‍റെ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പുതിയ വിവരങ്ങൾ കിട്ടിയത്. ബലാൽസംഗത്തിനിരയായ കുട്ടിയെ മുമ്പ് കണ്ടിട്ടുണ്ട്. ബലാൽസംഗം ചെയ്യുകയെന്ന ഉദ്ദേശത്തോടെ ആ വീട്ടിലും പരിസരത്തും പോയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോവുകയായിരുന്നു. പുറത്തിറങ്ങിയ പാടേ ഉണർന്ന കുട്ടിയെ ശബ്ദമുണ്ടാകാതിരിക്കാൻ ഭയപ്പെടുത്തി. ഇറങ്ങും മുമ്പ് വീട്ടിൽ നിന്നും പതിനായിരം രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്നു. തുടർന്ന് സമീപത്തെ പാടത്ത് കൊണ്ടുപോയി ബലാൽസംഗം ചെയ്തു. പരിസരവാസികളുടെ ശബ്ദം കേട്ടതോടെ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കുട്ടികളോട് ലൈംഗികാതിക്രമം നടത്തുന്ന വൈകൃതമുള്ളയാളാണ് പ്രതിയെന്നും പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam