ഡിജിപിയെ മോൻസന് പരിചയപ്പെടുത്തിയത് താൻ തന്നെ, ബെഹ്റ മുന്നറിയിപ്പ് നൽകിയെന്നും അനിത പുല്ലായിൽ

Published : Oct 01, 2021, 09:51 PM ISTUpdated : Oct 01, 2021, 09:53 PM IST
ഡിജിപിയെ മോൻസന് പരിചയപ്പെടുത്തിയത് താൻ തന്നെ,  ബെഹ്റ മുന്നറിയിപ്പ് നൽകിയെന്നും അനിത പുല്ലായിൽ

Synopsis

തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലിനെ മുൻ ഡിജിപിക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലായിൽ. 

തിരുവനന്തപുരം: തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലിനെ( monson-mavunkal) മുൻ ഡിജിപിക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലായിൽ. മോൻസനുമായി ഇടഞ്ഞപ്പോൾ അനിത ഇയാളെ പൊലീസ് ഒറ്റുകൊടുക്കുകയായിരുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് അവർ പരിപാടിയിൽ അനിത പ്രതികരണം നടത്തിയത്. അതേസമയം തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ അത് പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും അതിൽ കൂടുതൽ ബന്ധമൊന്നും മോൻസനുമായി ഉണ്ടായിരുന്നില്ലെന്നും അനിത പ്രതികരിച്ചു...

അനിതയുടെ പറയുന്നതിങ്ങനെ...

മോൻസന് ബെഹ്റയെ പരിചയപ്പെടുത്തിയത് താനാണ്. ഒരു കൌതുകത്തിന് ഈ മ്യൂസിയം കാണിക്കാമെന്ന് കരുതിയാണത്.  മോൻസനെ ആദ്യമായി കണ്ടത് രണ്ട് വർഷം മുമ്പാണ്. എന്നാൽ ഇതിനെല്ലാം ശേഷം മോൻസനെ സൂക്ഷിക്കണമെന്ന് ലോക്നാഥ് ബെഹ്റ മുന്നറിയിപ്പു നൽകിയിരുന്നു. 

തട്ടിപ്പ് വ്യക്തമായപ്പോൾ ഞാൻ തന്നെയാണ് പൊലീസിന്   വിവരം നൽകിയത്. ഡിജിപി ആയിരിക്കെയാണ് ഈ മുന്നറിയിപ്പ് നൽകിയതെന്നും അനിത പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ്. മോൻസനുമായി ബിസിനസ് ബന്ധങ്ങളില്ല. മോൻസനുമായി പരിചയപ്പെട്ടത് സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായാണ്.  അച്ഛന്റെ സംസ്കാര ചടങ്ങിൽ വച്ചാണ് ആദ്യ പരിചയം. ഇറ്റാലിയൻ പൌരനെയാണ് താൻവിവാഹം ചെയ്തതെങ്കിലും  താൻ ഇപ്പോഴും ഇന്ത്യൻ പൌരത്വമാണ് സൂക്ഷിക്കുന്നത്. 

ലോക്നാഥ് ബെഹ്റയെ പരിചയപ്പെട്ടത് സംഘടനയുടെ ഭാഗമായാണ്. അദ്ദേഹവുമായി സൌഹൃദമുണ്ടായിരുന്നു. ഒരു പെണ്ണിന്റെ സൌഹൃദം മലയാളികൾ എന്നും തെറ്റിദ്ധരിക്കാറുണ്ട്. അത്തരത്തിലൊരു സൌഹൃദമല്ല. ഒരു കേസിന്റെ ഭാഗമായാണ് ബെഹ്റയെ വിളിക്കുന്നത്. ഫേസ്ബുക്ക് ചിത്രങ്ങൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിനാണ് ബെഹ്റയുമായി ബന്ധപ്പെടുന്നത്. തുടർന്ന് പല തവണ ഇത്തരം കാര്യങ്ങൾക്കായി സമീപിച്ചിട്ടുണ്ട്.

ഡിഐജി സുരേന്ദ്രനെ മോൻസന്റെ വീട്ടിൽ വച്ചാണ് കാണുന്നത്. സൌഹൃദം വളർത്തിയെടുക്കാൻ മോൻസന് പ്രത്യേക കഴിവുണ്ട്. മോൻസന്റെ സൌഹൃദത്തിൽ പെട്ടുപോയ ആളാണ് ഞാനും. മോൻസൻ സംഘടനയുടെ ഭാഗമായത് ഏകദേശം മൂന്ന് വർഷം മുമ്പാണ്.  ചേർത്തല ആർടിഓയുമായി ബന്ധപ്പെട്ട് ഒരു കേസുണ്ടായിരുന്നു. ജാതിപ്പേര് വിളിച്ച കേസിൽ കുടുക്കിയതാണെന്നും അത് പരിഹരിക്കാൻ സഹായം ചോദിച്ചതിന്റെ ഭാഗമായാണ് ബെഹ്റയെ സമീപിച്ചത്. തെളിവ് സഹിതം അദ്ദേഹത്തിന് നൽകുകയായിരുന്നു.

എട്ടോ ഒമ്പതോ തവണ ഡിജിപിയെ കണ്ടിട്ടുണ്ടാകുമെന്നും, അതെല്ലാം പൊലീസ് ആസ്ഥാനത്താണ്. ഹയാത്തിലെത്തിയപ്പോൾ യതീഷ് ചന്ദ്രയടക്കമുള്ള ഉദ്യോഗസ്ഥരോടൊപ്പം ഫോട്ടോ എടുത്തുവെന്ന് മാത്രമേയുള്ളൂ. അന്ന് കൊക്കോൺ കോൺഫറൻസിലൊന്നും പങ്കെടുത്തിട്ടില്ല. അന്ന് ഒരു ഫാദർ ആവശ്യപ്പെട്ട പ്രകാരമാണ് അവിടെ എത്തിയത്. 

മോൻസനെ സൂക്ഷിക്കണമെന്ന് ഡിജിപിയായിരുന്ന സമയത്ത്  ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. തട്ടിപ്പുകളൊന്നും അന്ന് പുറത്തുവന്നിട്ടില്ല. അതുകൊണ്ടായിരിക്കാം അന്ന് നടപടികൾ ഉണ്ടാവാതിരുന്നത്. ലോകകേരള സഭയിൽ ഭർത്താവ് ഫിൽ ചെയ്ത് അപേക്ഷ നൽകിയതിന് പിന്നാലെ വെരിഫിക്കേഷൻ നടത്തിയതിന് പിന്നാലെയാണ് ലോകകേരള സഭയിൽ അംഗമായത്. പ്രവാസി മലയാളി ഫെഡറേഷനിൽ ഇപ്പോഴും അംഗമാണെന്നും മാറ്റിയതായി ആരും അറിയിച്ചിട്ടില്ലെന്നും അനിത പറഞ്ഞു.

PREV
click me!

Recommended Stories

ദുബായിൽ നിക്ഷേപ തട്ടിപ്പ് നടത്തി 18 മാസം മുമ്പ് മുങ്ങി, ഭക്ഷണം ഓർഡർ ചെയ്തു, പിന്നാലെ അറസ്റ്റിൽ
ലോറിക്ക് തകരാറുണ്ട്, അടിയിൽ കിടക്കാനാവശ്യപ്പെട്ടു; 4 കോടി രൂപയുടെ ഇൻഷുറൻസ് പോളിസിയെടുത്തു, സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി യുവാവ്