തോക്കും കത്തിയുമായി കൊലപ്പെടുത്താൻ ഉറച്ച ക്രിമിനലുകൾ; 'മാനസ' മായും മുമ്പേ നിതിനയും

By Web TeamFirst Published Oct 1, 2021, 8:58 PM IST
Highlights

കോതമംഗലത്തെ മാനസ കൊലപാതകത്തിന്‍റെ ഞെട്ടൽ മാറുംമുൻപാണ് പാലായിലെ നിതിനയുടെ അരുംകൊല. തോക്ക് ഉപയോഗിച്ച് മാനസയെ വെടിവെച്ചിട്ട ഉത്തരേന്ത്യൻ മോഡൽ കേരളമനസാക്ഷിയെ തന്നെ ഭീതിയിലേക്കാണ് തള്ളിവിട്ടത്. 

എറണാകുളം: കോതമംഗലത്തെ മാനസ കൊലപാതകത്തിന്‍റെ ഞെട്ടൽ മാറുംമുൻപാണ് പാലായിലെ(Pala) നിതിനയുടെ അരുംകൊല. തോക്ക്(Gun) ഉപയോഗിച്ച് മാനസയെ വെടിവെച്ചിട്ട ഉത്തരേന്ത്യൻ മോഡൽ കേരളമനസാക്ഷിയെ തന്നെ ഭീതിയിലേക്കാണ് തള്ളിവിട്ടത്. കൊലനടത്തിയ രഖിലും സ്വയംനിറയൊഴിച്ചതോടെ കൃത്യം നടത്താൻ ഇയാളെ സഹായിച്ചവരാണ് വിചാരണ നേരിടുന്നത് .

വൈരാഗ്യം തീർക്കാൻ നിറയൊഴിക്കുമോ?അതും കേരളത്തിൽ? പ്രണയം നിരസിച്ചതിന്‍റെ പകയിൽ കണ്ണൂർ സ്വദേശി രഖിൽ തോക്കെടുത്തപ്പോൾ നിറയെ സ്വപ്നങ്ങളുമായി പറക്കാനാഗ്രഹിച്ച ഒരു യുവഡോക്ടറാണ് ഇല്ലാതായത്. കോതമംഗലത്തെ ഇന്ദിരാഗാന്ധി ഡെന്‍റൽ കോളേജിലെ ഹൗസ് സർജൻ കണ്ണൂർ സ്വദേശി മാനസ.

പ്രതി കൃത്യം നടത്തിയ രീതി ദൃക്സാക്ഷികൾ വിവരിച്ചത് മരവിപ്പോടെയാണ് ഓരോരുത്തരും കേട്ടത്. കൊലപ്പെടുത്താനുറച്ച് എത്തിയ പ്രതി മാനസയുടെ കോളേജിനും, ഹോസ്റ്റൽ മുറിയുടെയും ഒത്ത നടുക്ക് താമസിക്കാൻ മുറി തരപ്പെടുത്തി. മാനസ കോളേജിൽ വരുന്നതും,പോകുന്നതും മണിക്കൂറുകൾ ഇരുന്ന് ജനാലയിലൂടെ നിരീക്ഷിച്ചു. സുഹൃത്തുക്കളിൽ നിന്ന് വിവരങ്ങൾ തേടി മാനസയെ ഓരോ മണിക്കൂറും നിശബ്ദനായി പിന്തുടർന്നു. 

ഒടുവിൽ ജൂലൈ 30 വെള്ളിയാഴ്ച. തോക്കുമായി പാഞ്ഞെത്തിയ പ്രതി ഉച്ചഭക്ഷണം കഴിച്ചിരുന്ന മാനസയെ വലിച്ചിഴച്ച് അടുത്ത മുറിയിൽ കൊണ്ടുപോയി നിറയൊഴിച്ചു. ആത്മഹത്യയും ചെയ്തു. ഇന്‍റീരിയർ ഡിസൈനറായ രഖിലും മാനസയും ഇൻസ്റ്റാഗ്രാം വഴിയായിരുന്നു പരിചയപ്പെട്ടത്. സൗഹൃദത്തിന് ശേഷം ഇടക്കാലത്ത് ഇരുവരും തമ്മിൽ അകന്നു. 

ഈ വൈരാഗ്യമാണ് ആസൂത്രിതമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലയ്ക്ക് പിന്നിലെ കാരണം പുറത്ത് വന്നതോടെ രഖിലിന് തോക്ക് എവിടെ നിന്ന് എന്നതായി അടുത്ത ചോദ്യം. രഖിലിന്‍റെ ഫോൺരേഖകൾ എത്തിച്ചത് ബിഹാറിൽ. ദിവസങ്ങൾ അല്ല മാസങ്ങളാണ് പകയുടെ കനലുമായി രഖിൽ നടന്നതെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു പിന്നീട് പുറത്ത് വന്ന തെളിവുകൾ.

ബിഹാറിൽ നിന്ന് തോക്ക് സ്വന്തമാക്കൽ, ഒപ്പം പരീശീലനവും. കൂട്ടിയും കിഴിച്ചും എല്ലാം ഉറപ്പിച്ചായിരുന്നു ക്രിമിനൽ ബുദ്ധിയിൽ രഖിലിന്‍രെ ഓരോ നീക്കങ്ങളും. ഇടപാടിന് ഇടനിലക്കാരനായത് ബിഹാർ സ്വദേശി മനേഷ് കുമാർ. 35,000 രൂപ കൊടുത്ത് കള്ളത്തോക്കുകൾക്ക് കുപ്രസിദ്ധമായ മുൻഗറിൽ നിന്നായിരുന്നു പിസ്റ്റൽ വാങ്ങിയത്.

 ഇതിനെല്ലാം രഖിലിന് കൂട്ടായി സുഹൃത്തായ ആദിത്യനും പത്ത് ദിവസം ബിഹാറിൽ ഉണ്ടായിരുന്നു.തോക്ക് കൈമാറിയ സോനുകുമാർ മോദിക്കൊപ്പം നാൽവർ സംഘം സഞ്ചരിച്ച ദൃശ്യങ്ങളും പൊലീസ് പുറത്ത് വിട്ടു. മുഖ്യപ്രതി മരിച്ചെങ്കിലും പഴുതടച്ച രീതിയിലാണ് പൊലീസ് അന്വേഷണം പൂർത്തിയായത്. സുഹൃത്തായ ആദിത്യനെയും അടുത്തിടെ പ്രതി ചേർത്തതോടെ രഖിലിനൊപ്പം തോക്ക് സംഘടിപ്പിക്കാൻ കൂട്ട് നിന്ന് മൂന്ന് പ്രതികളാകും വിചാരണ നേരിടുക.

click me!