
കാഞ്ഞിരപ്പള്ളി: പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു പി ഷാജിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം.അഞ്ജു മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാക്കാൻ കാഞ്ഞിരപ്പള്ളി പൊലീസിനായിട്ടില്ല.തങ്ങള്‍ക്ക് പണം തന്ന് കേസൊതുക്കാൻ കോളേജ് അധികൃതര്‍ ശ്രമിച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു
കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് പാലാ ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളേജില്‍ പരീക്ഷ എഴുതാൻ പോയ ബികോം വിദ്യാര്‍ത്ഥി അഞ്ജു പി ഷാജിയുടെ മരണം സംഭവിക്കുന്നത്. പരീക്ഷയ്ക്കിടയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ക്ലാസില്‍ നിന്ന് അഞ്ജുവിനെ അധ്യാപകര്‍ ഇറക്കി വിട്ടു.മനം നൊന്ത് അഞ്ജു കോളേജിന് സമീപത്തെ മീനച്ചിലാറ്റില്‍ ചാടി മരിക്കുകയായിരുന്നു.
വലിയ വിവാദമായ സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണെന്ന് തെളിയിക്കാൻ കോളേജ് അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്ത് വിട്ടു.എംജി സര്‍വകലാശാല കോളേജിനെതിരെ നടപടി എടുത്തു.ഉത്തരവുമായി ബന്ധപ്പെട്ട ചില കുറിപ്പുകള്‍ ഹാള്‍ടിക്കറ്റില്‍ അഞ്ജു എഴുതിയതായി കോളേജ് അധികൃതര്‍ ആരോപിച്ചു.
തര്‍ക്കത്തെ തുടര്‍ന്ന് കേസ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേൃത്വത്തില്‍ അ ന്വേഷിച്ചു.പക്ഷേ ഒരു വര്‍ഷമായി ഹാള്‍ ടിക്കറ്റിലെ കൈയ്യക്ഷരം അഞ്ജുവിന്‍റേതാണോ എന്ന് ഉറപ്പിക്കാൻ പൊലീസിനായിട്ടില്ല.ഫോറൻസിക് ഫലം ഇതുവരേയും കിട്ടിയില്ലെന്നാണ് കാഞ്ഞിരപ്പള്ളി പൊലീസിന്‍റെ വിചിത്രമായ മറുപടി
ഒരു വര്‍ഷമായി നീതിയ്ക്കായി അധികാരികളുടെയടുത്ത് കയറിയിറങ്ങുകയാണ് അഞ്ജുവിന്‍റെ അമ്മ സജിതയും അച്ഛൻ ഷാജിയും.പൊലിസ് അന്വേഷണം ഇനിയും പ്രഹനസമാണെങ്കില്‍ സമരത്തിലേക്കിറങ്ങുമെന്നും ഈ മാതാപിതാക്കള്‍ പറയുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam