ആന്‍മേരി കൊലക്കേസ്: ആല്‍ബിന്‍റെ കാമുകിയുടെയും മൊഴിയെടുക്കും, കാരണങ്ങള്‍ പുറത്ത് വന്നത് മാത്രമല്ലെന്ന് നിഗമനം

By Web TeamFirst Published Aug 15, 2020, 8:59 AM IST
Highlights

അച്ഛൻ ബെന്നി ഉൾപ്പെടെ കൂടുതൽ ആളുകളുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. ഐസ്ക്രീമിൽ വിഷം കലർത്തി മകളെ കൊന്നതും കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതും മകൻ ആൽബിനാണെന്ന് ഇന്നലെ വൈകിട്ട് മാത്രമാണ് ബന്ധുക്കൾ ബെന്നിയെ അറിയിച്ചത്.  

കാസര്‍കോട്: കാസർകോട് ബളാൽ കൊലപാതകക്കേസിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ അന്വേഷണസംഘം ഇന്ന് യോഗം ചേരും. പ്രതി ആൽബിന്‍റെ അച്ഛൻ ബെന്നി ഉൾപ്പെടെ കൂടുതൽ ആളുകളുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. ഐസ്ക്രീമിൽ വിഷം കലർത്തി മകളെ കൊന്നതും കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതും മകൻ ആൽബിനാണെന്ന് ഇന്നലെ വൈകിട്ട് മാത്രമാണ് ബന്ധുക്കൾ ബെന്നിയെ അറിയിച്ചത്.  

കുടുംബ സ്വത്തെല്ലാം സ്വന്തമാക്കി സുഖജീവിതം നയിക്കാൻ ഐസ്ക്രീമിൽ വിഷം കലർത്തി സഹോദരിയെ കൊന്ന കേസിലെ പ്രതി ആൽബിൻ ഇപ്പോൾ കാഞ്ഞങ്ങാട് സബ് ജയിലിൽ റിമാൻഡിലാണ്. ആൽബിൻ കൊലപാതകം ആസൂത്രണം ചെയ്ത രീതിയും എലിവിഷത്തിന്‍റെ ട്യൂബുൾപ്പെടെ പ്രധാന തെളിവുകളും പൊലീസ് ഇതിനകം കണ്ടെത്തി.

എന്നാൽ, കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും, സാഹചര്യങ്ങളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടതെന്ന് പൊലീസ് പറഞ്ഞു. ആൽബിന്‍റെ അച്ഛൻ ബെന്നിയുടെ മൊഴിയെടുക്കും. വിഷം കലർന്ന ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് അവശനിലയിലായ ബെന്നി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച ഡിസ്ചാർജ്ജ് ചെയ്തേക്കും. ഐസ്ക്രീമിൽ വിഷം കലർത്തി മകളെ കൊന്നതും കുടുംബത്തെയാകെ ഇല്ലാതാക്കാൻ ശ്രമിച്ചതും മൂത്തമകൻ ആൽബിന‍ാണെന്ന വിവരം ഇന്നലെ വൈകിട്ട് മാത്രമാണ് ബന്ധുക്കൾ ബെന്നിയെ അറിയിച്ചത്. നിലവിൽ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും ആരും സഹായിച്ചിട്ടില്ലെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്.
വിശദമായ മൊഴി രേഖപ്പെടുത്തിയതിനാൽ ആൽബിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങേണ്ട ആവശ്യമില്ലെന്നാണ് പൊലീസ് നിലപാട്. ആൽബിന്‍റെ സുഹൃത്തുക്കളും കാമുകിയുമടക്കം കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

click me!