
ഇംഫാൽ: മണിപ്പൂരിൽ നിന്ന് വീണ്ടും കൂട്ട ബലാത്സംഗ പരാതി. 37 വയസ് പ്രായമുള്ള മെയ്തെയ് വിഭാഗത്തിലെ വിവാഹിതയായ യുവതിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. കുക്കി വിഭാഗത്തിലുള്ള അജ്ഞാതര്‍ക്കെതിരെയാണ് പരാതി. മെയ് മൂന്നിനാണ് പീഡനം നടന്നതെന്നാണ് യുവതി പരാതിയില്‍ വിശദമാക്കുന്നത്. ബിഷ്ണുപൂരിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ ഓഗസ്റ്റ് 9 ന് 4.30നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചുരാചന്ദ്പൂര്‍ ജില്ലയില്‍ വച്ചാണ് അതിക്രമം നടന്നതെന്നാണ് പരാതി വിശദമാക്കുന്നത്. കേസ് അന്വേഷണത്തിനായി കൈമാറി. കൂട്ട ബലാത്സംഗം, അതിക്രമിച്ച് കയറാനുള്ള ലക്ഷ്യത്തോടെയുള്ള ആക്രമണം, അപമാനിക്കാനുള്ള ശ്രമം, ക്രിമിനല്‍ ഗൂഡാലോചന അടക്കമുള്ള വകുപ്പുതകള്‍ അനുസരിച്ചാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി, 354, 120 ബി, 34 അടക്കം കേസില്‍ ചുമത്തിയിട്ടുണ്ട്. യുവതിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയായി.
കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂരില്‍ നിന്ന് നിരവധി പേരാണ് ഇംഫാലിലേക്ക് അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പലായനം ചെയ്തിട്ടുള്ളത്. ബിഷ്ണുപൂരിലെ ക്യാംപുകളിലാണ് ഇവരില്‍ ഏറിയ പങ്കുമുള്ളത്. നേരത്തെ മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്‍ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
മേയ് നാലാം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. കേസില്‍ ഇതിനോടകം ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം