Latest Videos

കൊവിഡ് കാലത്തെ സൌഹൃദം പ്രണയമായി, കാമുകിയുടെ ഭർത്താവിനെ കൊന്ന് സൈനികൻ, അറസ്റ്റ്

By Web TeamFirst Published Mar 16, 2024, 2:15 PM IST
Highlights

കരസേനയിലെ ലാൻസ് നായിക് പദവിയിലുള്ള സുരേഷും സുപ്രിയയും കൊവിഡ് കാലത്താണ് പരിചയത്തിലാവുന്നത്. നഴ്സായിരുന്ന സുപ്രിയ കൊവിഡ് കാലത്ത് അഹമ്മദ് നഗറിൽ ഒരു ലാബ് ആരംഭിച്ചിരുന്നു. ഇവിടെ പരിശോധന നടത്താനെത്തിയ സുരേഷുമായി സുപ്രിയ പ്രണയത്തിലായി

പൂനെ: കാമുകിയുടെ ഭർത്താവിനെ കൊന്ന് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച സൈനികനും സഹായിയും പിടിയിൽ. പൂനെയിലെ പ്രമുഖ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂനെയിലെ നർഹേ അംബേഗോൺ സ്വദേശിയായ 36കാരൻ രാഹുൽ സുദം ഗഡേകറാണ് കൊല്ലപ്പെട്ടത്. രാഹുലിന്റെ കൊലപാതകത്തിൽ ഭാര്യയായ സുപ്രിയ ഗഡേകറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്.

ഇവരുടെ മൊഴിയിൽ നിന്നാണ് കരസേനാംഗമായ സുരേഷ് മൊടാബാഹു പട്ടോലെയും ഇയാളുടെ സഹായിയായ റോഹിദാസ് നാംദേവ് സോനാവേനും അറസ്റ്റിലായത്. കരസേനയിലെ ലാൻസ് നായിക് പദവിയിലുള്ള സുരേഷും സുപ്രിയയും കൊവിഡ് കാലത്താണ് പരിചയത്തിലാവുന്നത്. നഴ്സായിരുന്ന സുപ്രിയ കൊവിഡ് കാലത്ത് അഹമ്മദ് നഗറിൽ ഒരു ലാബ് ആരംഭിച്ചിരുന്നു. ഇവിടെ പരിശോധന നടത്താനെത്തിയ സുരേഷുമായി സുപ്രിയ പ്രണയത്തിലായി. ഇവരുടെ ബന്ധത്തേച്ചൊല്ലി സുപ്രിയയും രാഹുലും തമ്മിൽ തർക്കം പതിവായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ കൊലപ്പെടുത്താൻ ഇവർ തീരുമാനിക്കുന്നത്. ഫെബ്രുവരി 23ന് ജോലി സ്ഥലത്തേക്ക് പോയ രാഹുലിനെ രാഹുലും സഹായിയും കൂടി കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റായിരുന്നു രാഹുലിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.

അജ്ഞാതരായ രണ്ട് പേർക്കെതിരെയാണ് പൊലീസ് അദ്യ ഘട്ടത്തിൽ കേസ് എടുത്തിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ ഫോൺ പരിശോധിച്ചതോടെ പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിക്കുകയായിരുന്നു. രാഹുലിന്റെ പേരിലെ ലൈഫ് ഇൻഷുറൻസ് തുകയും കൊലയ്ക്ക് കാരണമായെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഫെബ്രുവരി ആദ്യവാരത്തിലും സംഘം രാഹുലിനെ ആക്രമിക്കാൻ നോക്കിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രാഹുൽ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

ആദ്യ ആക്രമണത്തിന് പിന്നാലെ രാഹുൽ ജോലിക്ക് പോകാതെ ആയി ഇതും ദമ്പതികൾ തമ്മിൽ തർക്കത്തിന് കാരണമായി. പിന്നീട് സുപ്രിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് രാഹുൽ രാത്രി ഷിഫ്റ്റിൽ ജോലിക്ക് പോകാനാരംഭിച്ചത്. ഫെബ്രുവരി 23ന് രാഹുലിനെ കൊലപ്പെടുത്തിയ ശേഷം സുരേഷ് തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കുകയും ഹൈദരബാദിലേക്ക് ട്രെയിനിംഗിനായി പോവുകയും ചെയ്യുകയായിരുന്നു. ഹൈദരബാദിലെത്തിയാണ് പൊലീസ് സുരേഷിനെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!