
ആലപ്പുഴ: തകഴിയിൽ കള്ളുഷാപ്പ് തൊഴിലാളിയെ കൊലപ്പെടുത്തി ഫ്രീസറിൽ വച്ച കേസിൽ അസം സ്വദേശി പ്രദീപ് തായ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ജോലിക്കിടെ മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്നുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
2015 ജൂലൈ 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തകഴി കേളമംഗലം കള്ളുഷാപ്പിൽ തൊഴിലാളിയായിരുന്നു പ്രദീപ് തായ്. ജോലിക്കിടിയിൽ മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്നതിനെ ഷാപ്പിലെ പാചകക്കാരനായിരുന്ന രാമചന്ദ്രൻ വിലക്കി. എന്നാൽ ഇത് പ്രദീപ് അനുസരിച്ചില്ല. പിന്നീട് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഇതിന്‍റെ വൈരാഗ്യത്തിൽ രാത്രി വൈകി ജോലി കഴിഞ്ഞശേഷം രാമചന്ദ്രനെ പ്രതി കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം ഫ്രീസറിൽ വച്ച ശേഷം പ്രദീപ് നാടുവിടുകയായിരുന്നു. അസമിലെ ജോർഹട്ടിൽ നിന്നാണ് മാന്നാർ സിഐയും സംഘവും പ്രതിയെ പിടികൂടിയത്.
ശിക്ഷാവിധിയിൽ പറഞ്ഞ രണ്ട് ലക്ഷം പിഴത്തുക കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ കുടുംബത്തിന് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവ് കൂടി പ്രതി അനുഭവിക്കേണ്ടി വരും. വിധി കേൾക്കാൻ പ്രദീപ് തായ് യുടെ ബന്ധുക്കളോ സുഹൃത്തുക്കളോ കോടതിയിൽ എത്തിയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam