
മരട്: കൊച്ചിയിൽ യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസ് സർവ്വീസിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. ജിതിന്‍, ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനം നടന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചിയിൽ യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസ് സർവ്വീസിലെ 3 ജീവനക്കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈറ്റില ഹബ്ബിൽ വെച്ച് അർദ്ധരാത്രി സംഘം ചേർന്ന് യാത്രക്കാരെ മർദ്ദിച്ചവരെ വെറുതെ വിടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
യാത്രക്കാരിലൊരാൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച ദുരനുഭവം വാർത്തയായതോടെയാണ് കർശന നടപടി തുടങ്ങിയത്. കസ്റ്റഡിയിലെടുത്ത ബസ് ജീവനക്കാരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ജയേഷ്, ജിതിൻ, ഗിരിലാൽ എന്നിവർക്കെതിരെ സംഘം ചേർന്ന മർദ്ദിച്ചതുൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. കമ്പനി മാനേജരോട് നേരിട്ട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. വൈറ്റിലയിൽ വെച്ച് 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്,പാലക്കാട് സ്വദേശികളെ ക്രൂരമായി മർദ്ദിച്ചത്. ഇവരെ പിന്തുണച്ച തൃശൂർ സ്വദേശിയെയും മർദ്ദിച്ച് ഭീഷണിപ്പെടുത്തി ബസ്സിൽ നിന്ന് ഇറക്കി വിട്ടു.തുടർന്ന് ഇയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് നടപടി തുടങ്ങിയത്.
കല്ലട ബസിൻറെ പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത കമ്മീഷണർ സുധേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷിത്വം കൂടി മുൻനിർത്തിയാണ് വാഹനങ്ങള്‍ക്ക് പെർമിറ്റ് നൽകുന്നത്. നിയമം പാലിക്കാതെ സർവ്വീസ് നടത്തുന്ന അന്തർസംസ്ഥാന വാഹനങ്ങള്‍ക്കെതിരെ കർശന പരിശോധന ആരംഭിക്കുമെന്നുംഗതാഗത കമ്മീഷണർ സുധേഷ് കുമാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam