
ബെംഗളൂരു: ജ്യോത്സ്യന്‍റെ ഉപദേശത്തെ തുടര്‍ന്ന് ഭര്‍ത്താവ്, രണ്ടര വയസുള്ള കുഞ്ഞിനെയും ഭാര്യയെയും വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നാലെ പൊലീസ് കേസ്. കര്‍ണ്ണാടകയിലെ രാമനഗരിയിലാണ് സംഭവം. കുഞ്ഞിന്‍റെ ജന്മനക്ഷത്രം മോശമാണെന്നായിരുന്നു ജ്യോത്സ്യന്‍റെ ഉപദേശം. മൂലം നക്ഷത്രത്തില്‍ പിറന്ന മകന്‍ കുടുംബത്തില്‍ ദൗര്‍ഭാഗ്യവും ദുരന്തവും കൊണ്ടുവരുമെന്നായിരുന്നു ജ്യോത്സ്യന്‍റെ ഉപദേശം. ഇയാളുടെ വാക്ക് വിശ്വസിച്ച ഭര്‍ത്താവ് ഭാര്യയുടെ രണ്ടര വയസുള്ള മകനെയും വീട്ടില്‍ നിന്നും പുറത്താക്കുകയായിരുന്നു.
കര്‍ണ്ണാടകയിലെ ചന്നപട്ടണ മഞ്ജുനാഥ് ലേഔട്ട് സ്വദേശി നവീനാണ് ഭാര്യ ശ്രുതിയെയും രണ്ടര വയസുകാരന്‍ മകന്‍ റുത്വിക്കിനെയും വീട്ടില്‍ നിന്നും പുറത്താക്കിയത്. വീട്ടില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഭാര്യ ശ്രുതി രാമനഗര വനിതാ പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കി. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് മഞ്ജുനാഥിനെതിരെ കേസെടുക്കുകയായിരുന്നു.
2019 ലായിരുന്നു ഇവരുവരുടെയും വിവാഹം. 2020 ജനുവരി 22 നാണ് ഇവര്‍ക്ക് ഒരു ആണ്‍കുട്ടി ജനിച്ചത്. അടുത്തിടെ മഞ്ജുനാഥ് ഒരു ജ്യോത്സ്യനെ കണ്ടിരുന്നു. മകന്‍റെ ജനനം മൂലം നക്ഷത്രത്തിലാണെന്നും അതിനാല്‍ കുട്ടി, കുടുംബത്തില്‍ ദുരന്തം കൊണ്ടുവരുമെന്നുമായിരുന്നു ജ്യോത്സ്യന്‍റെ പ്രവചനം. നവീന്‍, ജ്യോത്സ്യന്‍റെ വാക്കുകളെ വിശ്വസിക്കുകയും അതിന് പിന്നാലെ ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. കുഞ്ഞിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ഭര്‍ത്താവും കുടുംബാഗംങ്ങളും ആവശ്യപ്പെട്ടതായും ശ്രുതി പൊലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് രാമനഗര വനിതാ പൊലീസ് സ്റ്റേഷന്‍ നവീനെതിരെ കേസെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam