
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ നാലാം ദിവസമായിട്ടും പിടിക്കാനാകാതെ പൊലീസ്. അതിനിടെ, പ്രതിയെന്ന് സംശയിക്കുന്നയാൾ കുറവൻ കോണത്തെ വീട്ടിൽ അതിക്രമിച്ച് കയാറാൻ ശ്രമിച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തായി. രണ്ടും ഒരാൾ തന്നെയെന്നാണ് ലൈംഗികാതിക്രമം നേരിട്ട യുവതി പറയുന്നത്.
ചൊവ്വാഴ്ച രാത്രി 9.45 മണി മുതൽ പ്രതി കുറവൻ കോണത്തെ വീടിന്റെ പരിസരത്തുണ്ട്. അർദ്ധരാത്രി 11.30 നാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷമാണ് വീടിന്റെ മുകൾ നിലയിലേക്കുള്ള ഗേറ്റിന്റെയും മുകൾനിലയിലെ ഗ്രില്ലിന്റെയും പൂട്ടു തകർത്തത്. ജനലും തകർക്കാൻ ശ്രമിച്ചു. മൂന്നര വരെ ഇയാൾ ഇവിടെത്തന്നെയുണ്ടായിരുന്നു എന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. മ്യൂസിയത്ത് ലൈംഗികാതിക്രമം നടത്തിയ ആൾ തന്നെ അല്ലേ ഇതെന്ന സംശയമാണ് ബലപ്പെടുന്നത്. സംഭവത്തിൽ കുറവൻകോണത്ത വീട്ടമ്മ പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
കുറവൻകോണത്തിന് ഏറെ അകലെയല്ലാത്ത മ്യൂസിയം പരിസരത്ത് മണിക്കൂറുകൾക്ക് ശേഷമാണ് യുവതിക്ക് നേരെ ആക്രമണം നടന്നത്. മ്യൂസിയത്തെ അതിക്രമത്തിൽ തുടക്കം മുതൽ പൊലീസ് മെല്ലെപ്പോക്കിലായിരുന്നു. വിവാദമായതോടെയാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേർക്കുകയും രേഖാചിത്രം പുറത്ത് വിടുകയും ചെയ്തത്. പ്രതി പോയ ദിശ മനസ്സിലാക്കാൻ കഴിയാത്തതാണ് പ്രശ്നമെന്ന പൊലീസ് വാദം യുവതി തള്ളി.
എന്നാൽ, ആശയക്കുഴപ്പമുണ്ടായത് കൊണ്ടാണ് അന്വേഷണം വൈകിയതെന്നും, ജാമ്യം ലഭിക്കാവുന്ന വകുപ്പ് ആദ്യം ചുമത്തിയത് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നുമാണ് തിരുവനന്തപുരം ഡിസിപിയുടെ വിചിത്ര വിശദീകരണം. വിവാദങ്ങൾക്ക് പിന്നാലെ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സംഭവം നടന്ന ഉടൻ പരാതി നൽകിയിട്ടും പൊലീസ് ഗൗരവമായെടുത്തില്ലെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
അതേസമയം, കുറവൻകോണം ഭാഗത്ത് സിസിടിവിയിൽ ഉള്ളയാളെ സംശയകരമായ സാഹചര്യത്തിൽ നേരത്തെയും കണ്ടിട്ടുണ്ടെന്ന് റസിഡെൻസ് അസോസിയേഷൻ പറയുന്നുണ്ട്. നഗര ഹൃദയത്തിൽ പോലും സുരക്ഷയില്ലെന്ന പ്രശ്നം നാണക്കേടുമായതോടെ പൊലീസ് ഇപ്പോൾ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.