
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വനിത സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിനെതിരെ ആശുപത്രി ജീവനക്കാരുടെ പ്രതിഷേധം. സെക്യൂരിറ്റി ബിന്ദുവിന്റെ പരാതിയിൽ പൂവാർ സ്വദേശി റിഷാദിനെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
തെളിവുസഹിതം പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിൽ പൊലീസിനെതിരെയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാരുടെ സമരത്തിൽ രണ്ട് മണിക്കൂറിലേറെ ഒപിയുടെ പ്രവർത്തനം തടസ്സപ്പെട്ടു. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടിയില്ലെങ്കിൽ ആശുപത്രി സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് സമരം വ്യാപിപ്പിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
കഴിഞ്ഞ അഞ്ചാം തിയതിയാണ് ആശുപത്രിയിലെ സെക്യൂരിറ്റിയായ ബിന്ദുവിന് മർദ്ദനമേൽക്കുന്നത്. ആശുപത്രിയിലെത്തിയ പൂവാർ സ്വദേശിയായ റിഷാദിനെതിരെ ബിന്ദു അന്ന് തന്നെ പരാതിയും നൽകിയിരുന്നു. പ്രസവ ചികിത്സാ വിഭാഗത്തിലേക്ക് ഭാര്യയ്ക്കൊപ്പം പ്രവേശിക്കണമെന്ന ഇയാളുടെ ആവശ്യം ബിന്ദു നിരസിച്ചതാണ് മർദ്ദനത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനിടെ ബിന്ദുവിനെ ഇയാൾ മർദ്ദിക്കുകയായിരുന്നു.
റിഷാദിന്റെ മർദ്ദനത്തിൽ ബിന്ദുവിന്റെ ഇടതുകൈക്ക് പൊട്ടലുണ്ടായി. അതിക്രമം തടയാനെത്തിയ മറ്റൊരു ജീവനക്കാരിക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രതിയായ റിഷാദ് ഒളിവിലാണെന്നും, ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നും ഉടൻ പിടിയിലാകും എന്നും നെയ്യാറ്റിൻകര പൊലിസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam