
കൊല്ലം: കൊല്ലത്ത് പോക്സോ കേസ് ഇരയുടെ അമ്മയെ പ്രതി വീട് കയറി ആക്രമിച്ചു. ചിതറ സ്വദേശി ഷാജഹാനാണ് ആക്രമണം നടത്തിയത്. മർദനത്തിൽ പരിക്കേറ്റ വീട്ടമ്മയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ഷാജഹാനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി ഇരയെയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്തുക പതിവായിരുന്നു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ പാറക്കല്ലുമായി ഇരയുടെ വീട്ടിലെത്തിയ പ്രതി അമ്മയെ ആക്രമിക്കുകയായിരുന്നു. ക്രൂരമായ മർദനത്തിൽ വീട്ടമ്മയുടെ മുഖത്തും നെഞ്ചത്തും പരിക്കേറ്റു. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഇരയുടെ കുടുംബത്തിനെതിരെ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയ പ്രതിയെ കടയ്ക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ കണിയാപുരത്ത് നിന്നും കണ്ടെത്തി. വീട്ടിൽ നിന്ന് ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. അമ്മ പരാതി നൽകിയിരുന്നു. രാവിലെയാണ് പേട്ട പൊലീസ് സ്റ്റേഷനിൽ 15കാരിയെ കാണാനില്ലെന്ന് പരാതി എത്തിയത്. പോക്സോ കേസിലെ പരാതിക്കാരിയെ ആണ് കാണാതായത്. പൊലീസ് വ്യാപകമായി നഗരത്തിൽ അന്വേഷണം നടത്തി.
അര മണിക്കൂറിന് ശേഷം കണിയാപുരത്ത് വെച്ച് സുഹൃത്തിനൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. അമ്മയ്ക്കൊപ്പമാണ് ഇവർ താമസിക്കുന്നത്. ഈ കുട്ടിയെ കാണാതെ പോയി ഏതാനും മണിക്കൂറുകൾക്ക് ശേഷം സ്കൂളിലേക്ക് പരീക്ഷയെഴുതാൻ പോകുകയാണെന്നും ഉള്ള ഫോൺ കോൾ അമ്മക്ക് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam