
പാലക്കാട്: കൈക്കൂലി കൊടുക്കാത്തതിനാൽ മരക്കച്ചവടക്കാരനും തൊഴിലാളിക്കുമെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കളളക്കേസെടുത്ത് നഗ്നരാക്കി ജയിലിലടച്ചെന്ന് പരാതി. അട്ടപ്പാടി ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർക്കെതിരെയാണ് വനം മന്ത്രിക്ക് കച്ചവടക്കാരൻ പരാതി നൽകിയിരിക്കുന്നത്.
അട്ടപ്പാടി ചെമ്മണ്ണൂരിൽ കഴിഞ്ഞ മാസം നടന്ന സംഭവമാണ് ജയിൽ മോചിതനായ ശേഷം തടിക്കച്ചവടക്കാരൻ അശോകൻ വെളിപ്പെടുത്തുന്നത്. ചെമ്മണ്ണൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് വാങ്ങിയ മരം മുറിച്ചു കടത്തുന്നതിനിടെ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ പിടികൂടുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
ഇതിന് തയ്യാറാവാത്തതിനാൽ അശോകനേയും ഡ്രൈവർ മുഹമ്മദലിയെയും പ്രതിചേർത്ത് കേസ്സെടുത്ത് സെല്ലിലടച്ചു. നഗ്നരാക്കിയാണ് സെല്ലിലിട്ടതെന്നും മർദ്ദിച്ചതെന്നുമാണ് ഇവരുടെ പരാതി.
72കാരനായ തന്‍റെ പ്രായം പോലും പരിഗണിക്കാതെയായിരുന്നു മർദ്ദനമെന്ന് അശോകൻ പറയുന്നു. അട്ടപ്പാടി മേഖലയിൽ വനപാലകർക്ക് കൈക്കൂലി നൽകാനാവാതെ ജോലിയെടുക്കാൻ പറ്റില്ലെന്നും ഇവർ ആരോപിക്കുന്നു. മനുഷ്യാവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടി വനംമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും അശോകൻ പരാതി നൽകിയിട്ടുണ്ട്.
അതേസമയം നടപടിക്രമങ്ങൾ പാലിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും ഇതിൽ ക്രമക്കേടില്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. നഗ്നരാക്കി സെല്ലിലിട്ട കാര്യം പരിശോധിക്കുമെന്നും മണ്ണാർക്കാട് ഡിഎഫ്ഒ അറിയിച്ചു.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam