
മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. പാന്‍റിനുള്ളില്‍ സ്വര്‍ണം മിശ്രിത രൂപത്തില്‍ തേച്ച് പിടിപ്പിച്ച് കടത്തിക്കൊണ്ട് വന്ന യാത്രക്കാരനാണ് പൊലീസിന്‍റെ പിടിയില്‍. ഒരു കിലോയോളം സ്വര്‍ണമാണ് ഇയാള്‍ പാന്‍റിനുള്ളില്‍ തേച്ചുപിടിപ്പിച്ച് കടത്തിയത്. കണ്ണൂര്‍ സ്വദേശി കെ ഇസ്സുദ്ദീനാണ് പിടിയിലായത്.
സ്വര്‍ണം കടത്താന്‍ പണി പതിനെട്ടും പയറ്റുകയാണ് കാരിയര്‍മാര്‍. അബുദാബിയില്‍ നിന്നും വരുന്ന യാത്രക്കാരന്‍ ഇസ്സുദ്ദീന്‍ സ്വര്‍ണം കടത്തുന്നെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. വിമാത്താവളത്തിനകത്ത് നടത്തിയ കസ്റ്റംസ് പരിശോധനയില്‍ നിന്നും രക്ഷപ്പെട്ട ഇയാള്‍ പക്ഷെ പുറത്ത് പൊലീസ് പിടിയിലായി. വിശദ പരിശോധനയിലാണ് വസ്ത്രത്തിന്‍റെ അടിയില്‍ സ്വര്‍ണം മിശ്രിതമാക്കി ഒളിപ്പിച്ചത് മനസിലാകുന്നത്. തുടര്‍ന്ന് വസ്ത്രം കീറി പരിശോധിച്ചു. വസ്ത്രവും സ്വര്‍ണ്ണമിശ്രിതവും കൂടി ഒന്നരക്കിലോയോളം തൂക്കമുണ്ട്.
പിടികൂടിയ സ്വര്‍ണ മിശ്രിതം ഒരു കിലോയോളം വരും. ആദ്യമായിട്ടാണ് വസ്ത്രത്തിനുള്ളില്‍ തേച്ചുപിടിപ്പിച്ച് കൊണ്ടുവരുന്ന സ്വര്‍ണം കരിപ്പൂരില്‍ പൊലീസ് പിടികൂടുന്നത്. കസ്റ്റംസ് മുമ്പ് ഇത്തരമൊരു കേസ് പിടികൂടിയിട്ടുണ്ട്. കരിപ്പൂരില്‍ ഒന്നര വര്‍ഷത്തിനിടെ പൊലീസ് പിടികൂടുന്ന അമ്പത്തി മൂന്നാമത്തെ സ്വര്‍ണ്ണക്കടത്ത് സംഭവമാണിത്.
അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവള ജീവനക്കാര്‍ സ്വര്‍ണം കടത്തുകയും കടത്തിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നത് പതിവാകുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങളും കരിപ്പൂരില്‍ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. സ്വര്‍ണ കടത്തുകാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം അപഹരിക്കുകയും ജീവന് വരെ ഭീഷണിയാകുന്ന സംഭവങ്ങളും പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് തന്നെ സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയും പുറത്തെത്തിച്ച സ്വര്‍ണത്തിന് 25,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും പണം കൈമാറുന്ന സമയത്ത് പൊലീസ് പിടിയിലാകുകയുമായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിലധികമായി കസ്റ്റംസ് പിടിക്കപ്പെടുന്നതിനേക്കാളും കൂടുതല്‍ സ്വര്‍ണം കരിപ്പൂര്‍ പൊലീസാണ് പിടികൂടുന്നത്.
കസ്റ്റംസില്‍ കള്ളക്കടത്ത് കണ്ടുപിടിക്കുന്നതിന് അത്യാധുനിക സംവിധാനങ്ങള്‍ ഉണ്ടെങ്കിലും കള്ളക്കടത്ത് സ്വര്‍ണം നിര്‍ബാധം പുറത്തെത്തുകയാണ്. പൊലീസിന്റെ ജാഗ്രത കാരണം മാത്രമാണ് ഇത്തരം കള്ളക്കടത്തുകളിൽ ചിലതെങ്കിലും പിടിക്കപ്പെടുന്നത്. അടുത്തകാലത്തായി കസ്റ്റംസില്‍ എന്തുകൊണ്ട് സ്വര്‍ണം പിടിക്കപ്പെടുന്നില്ല എന്ന പൊതുചോദ്യത്തിന് കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിലായ സംഭവം ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥര്‍ തന്നെ കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.
Also Read: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്, കരിപ്പൂരിൽ രണ്ട് പേർ പിടിയിൽ
സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തതിനും സ്വര്‍ണം തട്ടിയെടുത്തതിനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ മുമ്പും സിബിഐയുടെ പിടിയിലായിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള കേസുകള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ വിമാന ജീവനക്കാരും വിമാനത്താവള ജീവനക്കാരും സ്വര്‍ണക്കടത്തുമായി പിടിയിലാകുന്നുണ്ട്. ഇതും ഏറിയപങ്കും പൊലീസ് തന്നെയാണ് പിടികൂടിയിട്ടുള്ളത്. എയര്‍ഹോസ്റ്റസുമാരും ക്യാബിന്‍ ക്രൂ ജീവനക്കാരും വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരും സ്വര്‍ണക്കടത്തുമായി പിടിയിലായിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തന്നെ സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നത് വിമാനത്താവളത്തിന്റെ സല്‍പ്പേരിന് കളങ്കമാകുകയാണ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam