Attingal Double Murder : കണ്ണിന് സുഖമില്ല; ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്ക് പരോൾ

Published : Dec 17, 2021, 07:44 PM ISTUpdated : Dec 17, 2021, 08:17 PM IST
Attingal Double Murder : കണ്ണിന് സുഖമില്ല; ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്ക് പരോൾ

Synopsis

ആറ്റിങ്ങലിലെ സംഭവം നടന്ന മേഖലയിലേക്ക് പോകരുതെന്ന് ഉപാധി വച്ചാണ് ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് അനുശാന്തിക്ക് ജാമ്യം നൽകിയത്. 2014 ഏപ്രിലിലാണ് കുപ്രസിദ്ധമായ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം നടക്കുന്നത്.

ദില്ലി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് (Attingal Double Murder) പ്രതി അനു ശാന്തിക്ക് (Anushanthi ) സുപ്രീം കോടതി (Supreme Court) രണ്ട് മാസത്തെ പരോൾ അനുവദിച്ചു. നേത്രരോഗത്തിന് ചികിത്സ തേടാനാണ് അനുശാന്തിക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. കാഴ്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയാണ് അനുശാന്തിക്ക്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സ കിട്ടിയില്ലെങ്കിൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നുമാണ് അനുശാന്തിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് സുപ്രീം കോടതി അനുശാന്തിക്ക് പരോൾ നൽകിയത്. 

ആറ്റിങ്ങലിലെ സംഭവം നടന്ന മേഖലയിലേക്ക് പോകരുതെന്ന് ഉപാധി വച്ചാണ് ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് അനുശാന്തിക്ക് പരോൾ നൽകിയത്. 2014 ഏപ്രിലിലാണ് കുപ്രസിദ്ധമായ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം നടക്കുന്നത്. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനൊപ്പം ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നതാണ് കേസ്. ടെക്നോപാർക്കിലെ സഹപ്രവ‌‌ർത്തകനും കാമുകനുമായ നിനോ മാത്യുവും അനുശാന്തിയും ചേ‌‌‌ർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. 


2014 ഏപ്രിൽ 16നാണ് സംഭവം. ലിജീഷിന്റെ സുഹൃത്താണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നിനോ മാത്യു ഓമനയെക്കൊണ്ട് മകനെ വീട്ടിലേക്കു വിളിച്ചു വരുത്തിച്ചു. ഓമന ഫോണിൽ സംസാരിച്ചു കഴിഞ്ഞയുടൻ കയ്യിൽ കരുതിയ വടികൊണ്ട് അവരെ അടിച്ചു വീഴ്ത്തി.  ഓമനയുടെ കൈയിൽ നിന്നു താഴെ വീണ കുഞ്ഞ് സ്വാസ്തികയെയും നിനോ മാത്യു അടിച്ചു കൊലപ്പെടുത്തി. കവർച്ചയ്ക്ക് വേണ്ടിയുളള കൊലപാതകമാണെന്ന് വരുത്താൻ ഓമനയുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങള്‍ എടുത്തുമാറ്റി. 

അമ്മ വിളിച്ചതനുസരിച്ച് എത്തിയ ലിജീഷ് വീട്ടിനകത്തേക്ക് കയറിപ്പോൾ നിനോ കണ്ണിൽ മുളകുപൊടിയെറിഞ്ഞു, അതിന് ശേഷം തലയ്ക്ക് വെട്ടി. തലയിലും കാതിലും വെട്ടേറ്റ ലിജീഷ് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ നിനോ മാത്യു സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. കൃത്യം നടത്തിയത് നിനോ മാത്യുവാണെന്നും ആസൂത്രണം ചെയ്തത് അനുശാന്തിയാണെന്നും പൊലീസ് കണ്ടെത്തി. 

2014 ജനുവരിയിൽ തന്നെ വീടിന്റെ ചിത്രങ്ങളെല്ലാം അനുശാന്തി ലിജീഷിന് അയച്ചുകൊടുത്തിരുന്നു. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടേണ്ട വഴിയടക്കം ഇത്തരത്തിൽ ഫോണിലൂടെ അയച്ചുകൊടുത്തിരുന്നു. ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധ ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ വനിതാ ജയിലിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് അനുശാന്തി. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ