Monson Mavunkal : മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസ്; ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി

By Web TeamFirst Published Dec 17, 2021, 6:12 PM IST
Highlights

മോൺസനെതിരായ ആദ്യ കുറ്റപത്രമാണിത്. കുറ്റപത്രത്തില്‍ മോൺസൺ മോൻസൺ മാവുങ്കലിനെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരായ  (Monson Mavungal) പോക്സോ കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. അറസ്റ്റിലായി 60 ദിവസം ആകുന്നതിന് മുൻപാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മോൺസനെതിരായ ആദ്യ കുറ്റപത്രമാണിത്. കുറ്റപത്രത്തില്‍ മോൺസൺ മോൻസൺ മാവുങ്കലിനെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. നാളെ മോൺസൺ അറസ്റ്റിൽ ആയി 60 ദിവസം തികയുകയാണ്. മോന്‍സൺ പ്രതിയായ മറ്റ് മൂന്ന് പീഡന കേസുകളിൽ കൂടി അന്വേഷണം പുരോഗമിക്കുകയാണ്.

അതിനിടെ, മോൻസൺ കേസിൽ ക്രൈംബ്രാഞ്ചും എൻഫോഴ്സ്മെന്‍റും സഹകരിച്ചു അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേന്ദ്ര സംസ്ഥാന വിഷയമായി അന്വേഷണത്തെ കാണരുതെന്ന് നിര്‍ദ്ദേശിച്ച കോടതി, ഐജി ലക്ഷ്മണന് എതിരെ കേസെടുത്തോ എന്നും സർക്കാരിനോട് ആരാഞ്ഞു. ഐ ജി ലക്ഷ്മണയ്ക്കെതിരെ നിലവിൽ കേസ് എടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുമ്പോൾ തെളിവുകൾ കിട്ടിയാൽ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, ഹൈക്കോടതിയെ വിമർശിച്ചതിന്‍റെ പേരിൽ മുൻ മജിസ്ട്രേറ്റിനോട് നേരിട്ട് ഹാജരായി മറുപടി നൽകാൻ കോടതി നി‍ർദേശിച്ചു. മോൻസൻ കേസിൽ ഫേസ്ബുക്കിലൂടെ ഹൈക്കോടതിയെ വിമ‍ശിച്ച പെരുമ്പാവൂ‍ർ മുൻ മജിസ്ട്രേറ്റ് എസ് സുദീപിനോടാണ് ഈ മാസം 23ന് നേരിട്ട് ഹാജരാകാൻ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്. മോൻസൻ കേസിൽ ഹൈക്കോടതി അധികാര പരിധിവിട്ടെന്ന സുദീപിന്‍റെ വിമർശനത്തിലാണ് നടപടി. മുൻ മജിസ്ട്രേറ്റിന് ഈ കേസിൽ എന്തോ പ്രത്യേക താത്പര്യങ്ങളുണ്ടെന്നും മോൻസനെ സംരക്ഷിക്കാനാണോ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും കോടതി പറ‍ഞ്ഞു. ഇദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിക്കാൻ രജിസ്ട്രിക്ക് സിംഗിൾബെഞ്ച് നിർദേശം നൽകി.

click me!