'ബാലഭാസ്കറിന്‍റെ മരണശേഷം എല്ലാം നിയന്ത്രിച്ചത് പ്രകാശ് തമ്പി': വെളിപ്പെടുത്തലുമായി ബന്ധു

By Web TeamFirst Published Jun 2, 2019, 10:14 AM IST
Highlights

പ്രകാശ് തമ്പിക്ക് പിന്നിൽ വേറെ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ബന്ധു പ്രിയ വേണുഗോപാൽ വെളിപ്പെടുത്തിയത് ന്യൂസ് അവറിലാണ്. അപകടം നടന്ന ശേഷം സ്ഥലത്ത് നിന്ന് രണ്ട് പേർ ഓ‍ടിപ്പോകുന്നത് കണ്ടെന്നും ഇത് പ്രകാശ് തമ്പിയോട് പറഞ്ഞെന്നും കലാഭവൻ സോജൻ വെളിപ്പെടുത്തിയ സാഹചര്യത്തിലാണിത്. 

തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണത്തിനിടയാക്കിയ അപകടം നടന്ന് ആശുപത്രിയിലായ ശേഷവും മരണശേഷവും എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പ്രകാശ് തമ്പിയായിരുന്നെന്ന് വെളിപ്പെടുത്തി ബന്ധു പ്രിയ വേണുഗോപാൽ. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്കറുമായി നല്ല അടുപ്പമുണ്ടായിരുന്നെന്ന് തെളിവുകൾ പുറത്തു വരുന്നതിനിടെയാണ് അപകടത്തിൽ ദുരൂഹത കൂട്ടുന്ന പല വെളിപ്പെടുത്തലുകളും പുറത്തു വരുന്നത്. 

നേരത്തേ, ബാലഭാസ്കറിന്‍റെ കാർ അപകടത്തിൽ പെട്ട സമയത്ത് സ്ഥലത്തു നിന്ന് രണ്ട് പേർ ഓടി രക്ഷപ്പെടുന്നത് കണ്ടെന്നും ഇത് പ്രകാശ് തമ്പിയോട് പറഞ്ഞപ്പോൾ അത് ശ്രദ്ധിക്കാത്ത മട്ടിലാണ് ഇയാൾ പെരുമാറിയതെന്നും ദൃക്സാക്ഷി കൂടിയായ കലാഭവൻ സോജൻ പറഞ്ഞിരുന്നു.

ഇതേക്കുറിച്ച് ബന്ധുവായ പ്രിയ വേണുഗോപാൽ പറഞ്ഞതിങ്ങനെ: 

''അപകടമുണ്ടായ ശേഷം ഞാനും എന്‍റെ ഭർത്താവും അനന്തപുരി ആശുപത്രിയിലെത്തിയപ്പോൾത്തന്നെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പ്രകാശ് തമ്പിയാണ്, തമ്പി ആദ്യത്തെ ദിവസം മുതൽ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നത് ബാലഭാസ്കറിന്‍റെ അച്ഛനോടോ അമ്മാവനോടോ അല്ലെങ്കിൽ ഞങ്ങളോടോ അല്ല. തമ്പി എല്ലാ കാര്യങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത് പൂന്തോട്ടത്തിൽ ലത എന്ന് പറയുന്ന സ്ത്രീയോടാണ്. ഇത് ഞാൻ കണ്ട കാര്യമാണ്. പൊലീസ് ആദ്യം മുതലേ ഇതിൽ വളരെ നിഷ്ക്രിയരായിരുന്നു. അതെന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. ഇടയ്ക്ക് രണ്ട് ചെറുപ്പക്കാർ വളരെ കഷ്ടപ്പെട്ട് .. അതിൽ ഒരാളുടെ പേര് എനിക്കോർമയുണ്ട് .. നന്ദു എന്നാണെന്ന് തോന്നുന്നു ... അവര് ഞങ്ങളെ തേടി വന്ന് സംസാരിച്ചതാണ്. കുഞ്ഞിനെ കൊണ്ടുപോയത്, അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയതൊക്കെ അവരാണ്. ദൃക്സാക്ഷികളായ അവരെ കേന്ദ്രീകരിച്ച് ഒരിക്കലും അന്വേഷണം മുന്നോട്ടുപോയിട്ടില്ല. അവര് വ്യക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്. മുന്നിലിരുന്ന ഒരാൾ വളരെ ആരോഗ്യമുള്ള, സൈസുള്ള ഒരാളായിരുന്നു. അലറി വിളിച്ച് അയാൾ പറയുന്നുണ്ടായിരുന്നു, കാലനക്കാൻ പറ്റുന്നില്ല എന്നൊക്കെ. തീർച്ചയായും ബാലഭാസ്കർ അപകട സമയത്ത് തന്നെ കഴുത്തിന് പരിക്കേറ്റ് തളർന്നു പോയ ഒരാളാണ്. ഇവരുടെ മൊഴി പ്രകാരം, പുറകിൽ ഒരാൾ മരിച്ചു എന്ന നിലയിൽ കമിഴ്‍ന്നു കിടക്കുകയായിരുന്നു എന്ന് പറയുന്നുണ്ടായിരുന്നു. മുന്നിലും പുറകിലും ഇരുന്ന ആളുകളുടെ വേഷം ഇവർ പറയുന്നുണ്ടായിരുന്നു. ഇതൊന്നും അന്വേഷണത്തിന്‍റെ പരിധിയിൽ വന്നിട്ടില്ല.

ബാലഭാസ്കറിന്‍റെ മരണശേഷം വല്ലാത്ത നിയന്ത്രണങ്ങളാണ് ഞങ്ങൾക്ക് ആശുപത്രിയിലുണ്ടായതിരുന്നത്. ലക്ഷ്മിയെ കാണാൻ അനുവാദമില്ല, ലക്ഷ്മിയുടെ കാര്യങ്ങൾ അന്വേഷിക്കാൻ അനുവാദമില്ല. ഇതെല്ലാം നിയന്ത്രിച്ചിരുന്നത് തമ്പിയും വിഷ്ണുവും ഒക്കെയായിരുന്നു. ഈ ഒരു ഘട്ടത്തിൽ പലതും പുറത്തു പറയേണ്ടി വരുന്നത് പോലും, ഇത്രയും ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ് എന്നറിഞ്ഞതുകൊണ്ടാണ്'', പ്രിയ 'ന്യൂസ് അവറിൽ' വ്യക്തമാക്കി. 

''പലപ്പോഴും പ്രകാശ് തമ്പിയോടും വിഷ്ണുവിനോടും ഞങ്ങൾക്ക് ബാലു ആശുപത്രിയിലായിരുന്നപ്പോഴും പിന്നീട് മരണശേഷവും സഞ്ചയനത്തിന്‍റെ ദിവസം പോലും കയർക്കേണ്ടി വന്നതാണ്. ഇവരെക്കുറിച്ച് അന്ന് പരാതി എഴുതി നൽകിയപ്പോൾ പോലും ഇതിൽ കൃത്യമായ അന്വേഷണം പൊലീസ് നടത്തിയില്ല. ഡോക്ടർമാരുടെ മൊഴിയടക്കം എടുക്കേണ്ടിയിരുന്നതാണ്. അതൊന്നുമുണ്ടായിട്ടില്ല. ആരാണ് വണ്ടിയോടിച്ചിരുന്നതെന്ന കാര്യത്തിൽ പോലും സംശയങ്ങളുണ്ട്. ഇതിൽ അന്വേഷണം വേണം'', പ്രിയ പറയുന്നു.

സ്വർണക്കടത്തിലെ പ്രധാന കണ്ണികളായ പ്രകാശ് തമ്പിയ്ക്കും വിഷ്ണുവിനും ബാലഭാസ്കറുമായി അടുപ്പമുണ്ടായിരുന്നു. സ്റ്റേജ് പരിപാടികള്‍ ഏകോപിപ്പിച്ചിരുന്നത് പ്രകാശാണ്. സാമ്പത്തിക ഇടപാടുകളിൽ വിഷ്ണുവിനും ബന്ധമുണ്ടായിരുന്നു. ഡ്രൈവറായിരുന്ന അർജ്ജുനെ ബാലഭാസ്കറിന് പരിചയപ്പെടുത്തിയത് വിഷ്ണുവായിരുന്നുവെന്ന വിവരമാണ് പൊലീസിന് കിട്ടുന്നത്. അർജ്ജുൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോള്‍ വിഷ്ണുവിന്‍റെ വിലാസമാണ് നൽകിയിരുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്ത പ്രകാശ് തമ്പി ഇപ്പോൾ റിമാൻഡിലാണ്, വിഷ്ണുവിനെ പിടികൂടിയിട്ടുമില്ല. ബാലഭാസ്കറിന്‍റെ മരണത്തിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് അച്ഛൻ നേരത്തെ ആരോപിച്ചിരുന്നു. കള്ളക്കടത്തിൽ പ്രതികളായ പ്രകാശിന്‍റെയും വിഷ്ണുവിന്‍റെയും വിവരങ്ങള്‍ വാഹന അപകടം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഡിആർഐയിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. പ്രകാശിനെ കസ്റ്റഡിയിൽ വാങ്ങി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനാണ് ഇപ്പോൾ ഒരുങ്ങുന്നത്.

ന്യൂസ് അവർ പൂ‍ർണരൂപം:

click me!