ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസ്; വിദേശത്ത് ഒളിവിലായിരുന്ന പ്രതി പിടിയിൽ

By Web TeamFirst Published Nov 11, 2021, 6:11 PM IST
Highlights

കാസർകോ‍ഡ് സ്വദേശി ജിയയാണ് മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായത്. അധോലോക കുറ്റവാളി രവി പൂജാരിയ്ക്കും വെടിവയ്പ്പ് നടത്തിയ കൊച്ചി സംഘത്തിനുമിടയിലെ കണ്ണിയായിരുന്നു ഇയാൾ.

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി പിടിയിൽ. കാസർകോ‍ഡ് സ്വദേശി ജിയയാണ് മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായത്. അധോലോക കുറ്റവാളി രവി പൂജാരിയ്ക്കും വെടിവയ്പ്പ് നടത്തിയ കൊച്ചി സംഘത്തിനുമിടയിലെ കണ്ണിയായിരുന്നു ഇയാൾ.
 
നടി ലീനാ മരിയാ പോളിന്‍റെ കൊച്ചി പനന്പളളി നഗറിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പ് നടത്തിയ കേസിലാണ് ഏഴാം പ്രതി ജിയ അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഇയാൾ വിദേശത്തേക്ക് കടന്നു. വ്യാജ പാസ്പോർട്ടിൽ തിരികെയെത്തി വീണ്ടും മടങ്ങിപ്പോകാൻ ഒരുങ്ങുന്പോഴാണ് മുംബൈ വിമാനത്തവളത്തിൽ പിടിയിലായത്. ഇയാളുടെ ചിത്രങ്ങൾ സഹിതമുളള ലുക്കൗട്ട് സർക്കുലർ വിമാനത്താവളങ്ങൾക്ക് അന്വേഷണസംഘം നൽകിയിരുന്നു. രവി പൂജാരി സംഘവുമായി ജിയയ്ക്ക് നേരത്തെ തന്നെ ബന്ധമുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. ലീന മരിയ പോളിനെ ഭീഷണപ്പെടുത്തുന്നതിന് രവി പൂജാരിയെ ചുമതലപ്പെടുത്തിയത് ജിയയാണെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടത്തൽ.

വെടിയുതിർക്കാൻ കൊച്ചിയിലുളള രണ്ട് യുവാക്കളുടെ സംഘത്തെ ഏർപ്പാടാക്കുകയും തോക്കടക്കം എത്തിക്കുകയും ചെയ്തതും ജിയയാണ്. കേസിന്‍റെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അജാസിന്‍റെ നിർദേശപ്രകാരമാണ് ജിയ കുറ്റകൃത്യത്തിൽ പങ്കാളിയായത്. കേസിൽ പൊലീസ് തിരയുന്ന കാസർകോട്ടെ മോനായിയെ സംഭവത്തിന്‍റെ ഭാഗമാക്കിയും ഇയാളായിരുന്നു. 25 കോടി രൂപ ആവശ്യപ്പെട്ടാണ് നടി ലീന മരിയ പോളിനെ ഇവർ ഭീഷണിപ്പെടുത്തിയത്. ലീന ഭീഷണിക്ക് വഴങ്ങുമെന്നും കിട്ടുന്ന പണം വീതിച്ചെടുക്കാമെന്നുമായിരുന്നു കണക്കുകൂട്ടൽ.

click me!