
കോട്ടയം : പാലാ കടപ്പാടൂരിൽ ഒഡീഷ സ്വദേശിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപെടുത്തിയ സംഭവത്തിൽ ബംഗാൾ സ്വദേശി പിടിയിലായി. അഭയ് മാലിക്ക് എന്ന ഒഡീഷ സ്വദേശിയായ തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, ബംഗാൾ സ്വദേശി പ്രദീപ് ബർമൻ എന്നയാളാണ് അറസ്റ്റിലായത്. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച പുലർച്ചെ ഉണ്ടായ അക്രമത്തിൽ പരിക്കേറ്റ അഭയ് മാലിക്ക് ഇന്നാണ് ആശുപത്രിയിൽ വച്ച് മരിച്ചത്.
കുറിച്ചിതാനത്ത് താമസിച്ചിരുന്ന അഭയ് മാലിക്ക് വെള്ളിയാഴ്ച വൈകിട്ടാണ് കടപ്പാടൂരിലുള്ള പ്രദീപ് ബർമ്മന്റെ മുറിയിൽ വന്നത്. തുടർന്ന് ഇരുവരും മദ്യപിച്ചു. മദ്യപാനത്തിടയിൽ ഇരുവരും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായി. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഉറങ്ങി കിടന്ന അഭയ് മാലിക്കിൻ്റെ തലയ്ക്ക് ചുറ്റിക കൊണ്ടടിച്ച ശേഷം പ്രദീപ് ബർമൻ രക്ഷപെടുകയായിരുന്നു.
പാലക്കാട് നിന്നാണ് പ്രദീപ് ബെർമ്മനെ പൊലീസ് പിടികൂടിയത്. മൊബൈൽ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് നൽകിയ വിവരമനുസരിച്ച് പാലക്കാട് റെയിൽവെ പൊലീസ് പ്രദീപിനെ തടഞ്ഞുവെച്ച ശേഷം പാലാ പൊലീസിന് കൈമാറുകയായിരുന്നു. മേസ്തിരി പണിക്കാരനായ പ്രദീപ് ബെർമന്റെ സഹായിയായി ജോലികൾ ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട അഭയ് മാലിക് .ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് അഭയിയുടെ മരണം. കൃത്യത്തിന് ശേഷം പ്രദീപ് ബെർമ്മൻ ഒപ്പ മുണ്ടായിരുന്നവരുടെ പണവും രേഖകളും മോഷ്ടിച്ചായിരുന്നു രക്ഷപെട്ടതെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam