
ബെംഗളൂരു: കെ.ആർ. പുരത്ത് ലിവ് ഇൻ പങ്കാളിയുടെ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി കെന്നത്ത് പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കെന്നത്തിനെ പുതുച്ചേരിയിൽ നിന്നാണ് കർണാടക പൊലീസ് പിടികൂടിയത്. സീഗെഹള്ളിയിൽ ഫ്ലാറ്റിലെ അരുംകൊല നടന്ന് നാലാം ദിവസമാണ് മുഖ്യപ്രതി പിടിയിലായത്.
കൃഷ്ണരാജപുരം സായ് ഗ്രീൻ അപ്പാർട്ട്മെന്റിൽ നടന്ന ട്രിപ്പിൾ കൊലപാതകത്തിലാണ് മുഖ്യപ്രതി കെന്നത്ത് ജെ എന്ന ടെക്കി പിടിയിലായത്. കൊലപാതകത്തിന് ശേഷം ലിവ് ഇൻ പങ്കാളി ശ്വേതയ്ക്കൊപ്പം പുതുച്ചേരിയിലേക്ക് രക്ഷപ്പെട്ടിരുന്നു കെന്നത്ത്. ശ്വേതയെ ബുധനാഴ്ച പുതുച്ചേരിയിൽ നിന്ന് കണ്ടെത്തിയെങ്കിലും കെന്നത്തിനെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ ബീച്ചിലെ ഒരു വൈൻ പാർലറിൽ നിന്ന് കെന്നത്തിനെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പുതുച്ചേരി പൊലീസ് എത്തി ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കെന്നത്തിനെ ബെംഗളൂരുവിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി. ഇയാളെയും ശ്വേതയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ഈ മാസം 22നാണ് ശ്വേത കെന്നത്തിനൊപ്പം ചേർന്ന് അച്ഛൻ സോമസുന്ദർ, അമ്മ മുത്തുലക്ഷ്മി, സഹോദരി 19 കാരിയായ സുപ്രിയ എന്നിവരെ അപ്പാർട്ട്മെന്റിനകത്ത് വച്ച് കൊലപ്പെടുത്തിയത്.
സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഒരു വർഷമായി കെന്നത്തിനൊപ്പം ലിവ് ഇൻ റിലേഷൻഷിപ്പിലുള്ള ശ്വേത വീട്ടുകാരറിയാതെ 30 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിന്റെ റിക്കവറിയുമായി ബന്ധപ്പെട്ട നോട്ടീസ് ലഭിച്ചതിന് പിന്നാലെ മാതാപിതാക്കൾ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം. ആദ്യം മുത്തുലക്ഷ്മിയെയും പിന്നാലെ സുപ്രിയയെയും കൊലപ്പെടുത്തിയ പ്രതികൾ അവസാനമാണ് സോമസുന്ദറിനെ ആക്രമിച്ചത്. കുത്തേറ്റ സോമസുന്ദർ വീട്ടിന് പുറത്തെത്തിയാണ് വീണ് മരിച്ചത്. ഇതിന് പിന്നാലെ കെന്നത്തും ശ്വേതയും ബൈക്കിൽ പുതുച്ചേരിയിലേക്ക് കടക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam